ഇ.ഡിക്കും മോദി സർക്കാറിനും തന്നെ ഭയപ്പെടുത്താനാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ താൻ ഭയക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. ഇ.ഡി മുറിയിൽ താൻ ഒറ്റയ്ക്കായിരുന്നില്ല. ഓരോ കോൺഗ്രസ് പ്രവർത്തകനും, ഓരോ നേതാവുമുണ്ടായിരുന്നു.
സർക്കാറിനെതിരെ നിൽക്കുന്ന ഓരോ ഇന്ത്യക്കാരനും തന്റെ പിറകിലുണ്ട്. പിന്നെ താൻ എങ്ങനെ ക്ഷീണിതനാകുമെന്നും രാഹുൽ പറഞ്ഞു. ഇ.ഡിയും ഇത്തരത്തിലുള്ള ഏജൻസികളും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രമാത്രം ക്ഷമ എവിടുന്നു കിട്ടി എന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യത്തിന്. 2004 മുതൽ ഞാൻ കോൺഗ്രസിൽ പ്രവർത്തിക്കുകയാണെന്നും, അവിടെ നിന്നാണ് ക്ഷമ കൈവന്നത് എന്ന് താൻ ഉത്തരം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഗ്നിപഥ് പിൻവലിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. ‘കർഷക സമരം പിൻവലിക്കേണ്ടി വരുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടി വരുമെന്ന് കോൺഗ്രസ് പറയുകയാണിപ്പോൾ. രാജ്യത്തിന്റെ സൈന്യത്തെ ദുർബലപ്പെടുത്തുകയാണ് അവർ.
യഥാർത്ഥ ദേശസ്‌നേഹം എന്താണ് എന്ന് രാജ്യത്തെ ജനങ്ങൾക്കറിയാമെന്നും ഈ പദ്ധതി പിൻവലിക്കുമെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസത്തിനിടെ അമ്പത് മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. അഞ്ചാം ദിവസം 12 മണിക്കൂറായിരുന്നു ചോദ്യം ചെയ്യൽ
إرسال تعليق