ന്യൂഡല്‍ഹി: മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ അധികാരമേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത്സിംഗ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിലെ പ്രതിപക്ഷ നേതാവായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. ഉദ്ധവ് താക്കറെ വിശ്വാസ വോട്ടെടുപ്പിന് കാത്തു നില്‍ക്കാതെ രാജിവെച്ചതോടെ ഫഡ്നാവിസ് മുഖ്യമന്ത്രിയാവുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍, ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാവുമെന്ന് ഫഡ്നാവിസ് പ്രഖ്യാപിക്കുകയായിരുന്നു. ഗവര്‍ണര്‍ ഭഗത്സിംഗ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഷിന്‍ഡെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചത്.
മന്ത്രിസഭയിലേക്ക് താന്‍ ഇല്ലെന്ന് ഫഡ്നാവിസ് അറിയിച്ചിരുന്നെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ബാലാസാഹേബിന്റെ ഹിന്ദുത്വയ്ക്കും തങ്ങളുടെ എംഎല്‍എമാരുടെ മണ്ഡലങ്ങളിലെ വികസനത്തിനും വേണ്ടിയാണ് ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കാനുള്ള തീരുമാനമെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. സര്‍ക്കാര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല തനിക്കാണെന്നും അധികാരത്തിന് വേണ്ടിയല്ല, ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും ഫഡ്‌നാവിസ് പറഞ്ഞു. സവര്‍ക്കറിനും ഹിന്ദുത്വയ്ക്കും എതിരായി നിന്നവരോടൊപ്പം ശിവസേന കൂട്ടുകെട്ട് ഉണ്ടാക്കി. ജനവിധി ശിവസേന അപമാനിച്ചു. ദാവൂദ് ഇബ്രാഹിമിനെ എതിര്‍ക്കുകയും അതേസമയം, ദാവൂദിനെ സഹായിച്ചതിന് ജയിലില്‍ പോയ ആളെ മന്ത്രസഭയില്‍ നിലനിര്‍ത്തിയെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
إرسال تعليق