Join News @ Iritty Whats App Group

കണ്ണൂരിൽ മുഖംമൂടി ധരിച്ചെത്തി വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നു

കണ്ണൂര്‍: മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു. കണ്ണൂര്‍ പുറത്തേക്കണ്ടി സ്വദേശി സൗദത്തിന്റെ വീട്ടില്‍നിന്നാണ് 1.80 ലക്ഷം രൂപയും ഒരുപവന്റെ സ്വര്‍ണവളയും മാലയും കമ്മലും മോഷ്ടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

വീടിന്റെ മുകള്‍നിലയിലെ വാതില്‍ വഴിയാണ് രണ്ട് മോഷ്ടാക്കള്‍ വീടിനകത്ത് കടന്നത്. തുടര്‍ന്ന് സൗദത്തിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പണവും സ്വര്‍ണവും സൂക്ഷിച്ചിരിക്കുന്ന ഷെല്‍ഫിന്റെ താക്കോല്‍ കാണിച്ചുനല്‍കണമെന്നും ഇല്ലെങ്കില്‍ അപായപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി.

തങ്ങളുടെ കൈയില്‍ ഒരു സ്‌പ്രേയുണ്ടെന്നും ഇത് പ്രയോഗിച്ചാല്‍ ബോധം പോകുമെന്നും മോഷ്ടാക്കള്‍ പറഞ്ഞു. മകളെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ വീട്ടമ്മ പ്രാണരക്ഷാര്‍ഥം ഷെല്‍ഫിന്റെ താക്കോല്‍ കാണിച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്ന് കടന്നുകളഞ്ഞു.

മോഷ്ടാക്കളായ രണ്ടുപേരും മുഖംമൂടി ധരിച്ചിരുന്നതായാണ് വീട്ടമ്മയുടെ മൊഴി. കൈയില്‍ ഗ്ലൗസും കാലില്‍ ഷൂസും ധരിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group