വടകര: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി വടകര എംഎൽഎ കെകെ രമ. കേന്ദ്ര ഭരണകൂടത്തിന്റെയും സംഘ പരിവാരത്തിന്റെയും കയ്യിലെ കളിപ്പാവയായി അവരാഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിൽ വരുത്തുകയാണ് സിപിഎം ചെയ്യുന്നത് എന്ന് കെകെ രമ കുറ്റപ്പെടുത്തി.
കെകെ രമയുടെ പ്രതികരണം: ''വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കെതിരെ നടന്ന സമരത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ എം.പി. ഓഫീസ് അടിച്ചു തകർത്ത നടപടി അതീവ വിചിത്രവും അത്യന്തം പ്രതിഷേധാർഹവുമാണ്. സുപ്രീം കോടതിയുടെ വിധിയിൽ രാഹുൽ ഗാന്ധിക്ക് എന്ത് പങ്കാണുള്ളത്? മാത്രമല്ല കോൺഗ്രസും യു.ഡി.എഫും ആ വിഷയത്തിൽ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുമുണ്ട്.
ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയെ ഡെക്കാൻ ഹെറാൾഡ് വിഷയത്തിലെ അന്വേഷണത്തിന്റെ പേരിൽ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് കേന്ദ്ര ഭരണകൂടവും ഇ.ഡി. അടക്കമുള അന്വേഷണ ഏജൻസികളും. ഈയൊരു സാഹചര്യത്തിൽ കേന്ദ്ര ഭരണകൂടത്തിന്റെയും സംഘ പരിവാരത്തിന്റെയും കയ്യിലെ കളിപ്പാവയായി അവരാഗ്രഹിക്കുന്നത് നടപ്പാക്കുകയാണ് കേരളത്തിലെ സിപിഎം നേതൃത്വം. ആ നയത്തിന്റെ തുടർച്ചയാണ് ഇന്ന് വയനാട്ടിൽ ഉണ്ടായ നടപടിയും.
إرسال تعليق