ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ലോറിയില്‍ കാറിടിച്ച് കയറ്റിയായിരുന്നു ആത്മഹത്യ. മണികണ്ഠേശ്വരം സ്വദേശി പ്രകാശ് 50, മകന്‍ ശിവദേവ് 12 എന്നിവരാണ് മരിച്ചത്. പ്രകാശിന്റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യകുറിപ്പ് കിട്ടിയതായി ആറ്റിങ്ങള്‍ പോലീസ് അറിയിച്ചു. കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് ലോറി ഡ്രൈവറും മൊഴി നല്‍കിയിട്ടുണ്ട്.
രാത്രി പതിനൊന്ന് മണിയോടെ ആറ്റിങ്ങലിനടുത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന ടാങ്കര്‍ ലോറിയിലേയ്ക്ക് ആള്‍ട്ടോ കാറാണ് ഇടിച്ച് കയറിയത്. ഉടന്‍ തന്നെ പൊലീസും അഗ്‌നിശമനാ സേനയും സ്ഥലത്തെത്തി പ്രകാശിനെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൂടാതെ കഴിഞ്ഞ രണ്ട് ദിവസമായി പ്രകാശന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ചില കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി ഇതില്‍ നിന്ന് സൂചന ലഭിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രകാശന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. ഭാര്യയുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ പങ്കുവയ്ക്കുകയും, ഇവരാണ് മരണത്തിന് ഉത്തരവാദികള്‍ എന്ന പോസ്റ്റും പ്രകാശന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
إرسال تعليق