ന്യൂഡൽഹി: ട്രെയിനിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നതിന് ഇനിമുതൽ അധിക ചാർജ്ജ് നൽകേണ്ടിവരും. ലഗേജ് നിയമങ്ങൾ ഇനി കർശനമായി നടപ്പാക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. അധിക ലഗേജുകൾ കയറ്റുന്നതിനും ഇറക്കുന്നതിനും കൂടുതൽ സമയമെടുക്കുന്നു എന്നതിനാലാണ് ഈ തീരുമാനം.
ലഗേജ് അധികമായാൽ പാർസൽ ഓഫിസിൽ പോയി ലഗേജ് ബുക്ക് ചെയ്യണം. അധിക ലഗേജുമായി ആരെങ്കിലും യാത്ര ചെയ്യുന്നതായി കണ്ടാൽ യാത്രാ ദൂരമനുസരിച്ച് ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സഹയാത്രികർക്കുണ്ടാകുന്ന അസൗകര്യത്തെ കുറിച്ച് എല്ലാവരും ഓർക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
പുതിയ നിയമം അനുസരിച്ച്, സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യമായി കൊണ്ടുപോകാവുന്നത് 40 കിലോഗ്രാം വരെയാണ്. അതുപോലെ സെക്കൻഡ് ക്ലാസിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 35 കിലോ വരെ ഭാരമുള്ള ലഗേജുകൾ കൊണ്ടുപോകാൻ അനുവാദമുണ്ട്. അധിക തുക നൽകി ഈ പരിധി യഥാക്രമം 80 കിലോഗ്രാം, 70 കിലോഗ്രാം വരെ വർദ്ധിപ്പിക്കാം. ലഗേജ് ബുക്ക് ചെയ്യാതെ അധിക ലഗേജുകളുമായി യാത്ര ചെയ്യുന്നവർ ബാഗേജ് നിരക്കിന്റെ ആറിരട്ടി പിഴ നൽകേണ്ടിവരും.
إرسال تعليق