കിടപ്പ് രോഗികളേയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരേയും പരിചരിക്കുന്നവർക്ക് സർക്കാർ നൽകിയിരുന്ന പ്രതിമാസ ധനസഹായ പദ്ധതി ആശ്വാസ കിരണം വീണ്ടും നിലച്ചു.രോഗിയെ തനിച്ചാക്കി കൂലിപ്പണിക്ക് പോലും പോകാനാവാത്തവർക്കുളള ആശ്വാസം മുടങ്ങിയതോടെ, പലരും പ്രതിസന്ധിയിലായി.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ വിട്ട് ജോലിക്കിറങ്ങാനാകില്ല. അവരുടെ അടുത്ത് നിന്ന് ഒന്ന് മാറി നിൽക്കാൻപോലും ആകില്ല. അവരുടെ നിത്യ ചെലവുകൾക്ക് ആവശ്യമായ തുക കണ്ടെത്താൻ പോലും കഴിയുന്നില്ല. എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ല. ആഹാരത്തിനുപോലും ബുദ്ധിമുട്ടാകുമെന്ന സ്ഥിതിയാണ് . ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന ഒരമ്മയുടെ നെഞ്ച് പൊട്ടിയുള്ള പറച്ചിലാണിത്.
ഇവർക്ക് ആശ്വാസമായിരുന്നത് സാമൂഹ്യ സുരക്ഷാ മിഷൻറെ ആശ്വാസ കിരണം പദ്ധതിയായിരുന്നു. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ പരിചരിക്കുന്നവർക്ക് സർക്കാർ നൽകുന്ന ധനസഹായം ആണ് ആശ്വാസ കിരണം പദ്ധതി. വലിയ തുക ഒന്നും അല്ല. വെറും 600 രൂപ . അതുപോലും കൃത്യമായി നൽകാൻ കഴിയാത്ത സർക്കാർ ഈ പാവങ്ങളോട് ചെയ്യുന്നത് കൊടുംക്രൂരത ആണ്.
2010ലാണ് സർക്കാർ ആശ്വസ കിരണം പദ്ധതി തുടങ്ങിയത്. ഒന്നേകാൽ ലക്ഷത്തിലേറെ ഗുണഭോക്താക്കളുണ്ട്. 600 രൂപയാണെങ്കിലും ഒരു ജോലിക്കും പോകാൻ കഴിയാതെ രോഗികളെ പരിചരിക്കുന്നവർക്ക് അതൊരു വലിയ ആശ്വാസമായിരുന്നു. അതാണ് ഇപ്പോൾ നിലച്ചത്. ആറ് മാസത്തിലേറെയായി ആശ്വാസ കിരണം പദ്ധതി നിലച്ചിട്ട്.
ഈ വർഷം ഇതുവരെ പണം കിട്ടിയിട്ടില്ലെന്ന് അർഹർ പറയുന്നു. പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുന്ന ഈ പാവങ്ങളോട് അധികൃതർ പറയുന്നത് സാമ്പത്തി പ്രതിസന്ധി ആണ്. 600 രൂപയാണ് പ്രതിമാസം. ദിവസം 20 രൂപയെന്ന് കണക്കാക്കാം.അര ലിറ്റർ പാലിന് പോലും തികയാത്ത ഈ തുകഎന്തിനാണ് ഇങ്ങനെ വൈകിപ്പിക്കുന്നതെന്നാണ് സർക്കാരിനോടുളള ചോദ്യം
إرسال تعليق