മഥുര: ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥന സ്വീകരിക്കാത്തതിന്റെ പേരില്‍ കൗമാരക്കാരന്‍ പതിനാറുകാരിയെ കുത്തിക്കൊലപ്പെടുത്തി. മുസഫനഗര്‍ സ്വദേശിയായ രവിയാണ് ഫേസ്ബുക്കില്‍ തന്റെ സുഹൃത്ത് അഭ്യര്‍ത്ഥന സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് പതിനാറുകാരിയെ കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ അമ്മയെയും രവി ആക്രമിച്ചതെന്ന് പൊലീസ് സൂപ്രണ്ട് മാര്‍ത്താണ്ഡ് പ്രകാശ് സിംഗ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് തേജ് വീര്‍ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജയ് കൗശല്‍ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഹൈവേ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നഗ്ല ബോഹ്‌റ ഗ്രാമത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. വിവാഹ കാര്‍ഡുമായി പെണ്‍കുട്ടിയുടെ വീട്ടിലേക്കെത്തിയ രവിയില്‍ നിന്ന് അത് സ്വീകരിക്കുവാനായി ചെന്ന പെണ്‍കുട്ടിയെ അയാള്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മ സുനിതയെയും രവി ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ കത്തി ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഫേസ്ബുക്കില്‍ സുഹൃത്ത് അഭ്യര്‍ത്ഥന സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് രവി മകളെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് തേജ് വീര്‍ പരാതിയില്‍ പറയുന്നു. ഫരീദാബാദ് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തേജ് വീര്‍. ആക്രമണത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയുടെ അമ്മ സുനിതയും പ്രതി രവിയും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ധര്‍മേന്ദ്ര ചൗഹാന്‍ അറിയിച്ചു
إرسال تعليق