തളിപ്പറമ്പ്: വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
തലയോട്ടിക്കു ക്ഷതം
കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍ കാര്‍ത്യായനി (78) നാണ് കവർച്ചയ്ക്കിരയായത്. തലയ്ക്ക് അടിയറ്റതിനെ തുടർന്ന് കാർത്യായനിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തലയില്‍ മൂന്ന് സ്ഥലത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
വെള്ളം ചോദിച്ചശേഷം
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. വീട്ടില്‍ മരുന്ന് വില്പനയ്ക്കായി എത്തിയ അജ്ഞാതന്‍ കാർത്യായനിയോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തേക്ക് പോകുന്നതിനിടെ പിന്നിൽനിന്ന് അടിച്ചുവീഴ്ത്തി സ്വർണമാല കവർന്നശേഷം രക്ഷപെടുകയുമായിരുന്നു.
മൂന്നരയോടെ മകന് സജീവന് എത്തിയപ്പോഴാണ് അവശനിലയില്‍ വീണുകിടക്കുന്ന കാര്‍ത്യായനിയെ കണ്ടത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തലയോടിന് ക്ഷതമേറ്റതായാണ് പ്രാഥമിക വിവരം. കാര്‍ത്യായനിയുടെ നില ഗുരുതരമായി തുടരുകയാണ്.
إرسال تعليق