തിരുവനന്തപുരം: സംസ്ഥാനം പനിച്ചു വിറയ്ക്കുന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളം പനിക്കിടക്കയിലമർന്നു. കൊവിഡിനേക്കാൾ അതിവേഗവത്തിൽ വൈറൽ പനി പടരുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ജലജന്യ രോഗങ്ങളും പിടിമുറുക്കി കഴിഞ്ഞു. പനി ബാധിച്ച് ഓപികളിലെത്തുന്ന രോഗികളുടെ എണ്ണം ദിവസേന കൂടുകയാണെന്നും ഡോക്ടർമാർ പറയുന്നു. പലപ്പോഴും ആശുപത്രികൾക്ക് താങ്ങാനാകാത്ത വിധത്തിൽ പനി ബാധിതരുടെ എണ്ണം കൂടുകയാണ്. കിടത്തി ചികിൽസ വേണ്ടവരുടെ എണ്ണത്തിലും വർധന ഉണ്ട്
കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകളുടെ സാന്ദ്രത കൂടിയത് , വൃത്തിയില്ലാത്ത ചുറ്റുപാടുകൾ ഇവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങൾ കുത്തനെ പെരുകാൻ കാരണം. കാലാവസ്ഥ വ്യതിയാനം വൈറൽ പനിയുടെ വ്യാപനത്തിന് ആക്കം കൂട്ടി. ഒരു ദിവസം മാത്രം 12000-ത്തിന് മുകളിൽ രോഗികൾ വൈറൽ പനി ബാധിതരായി ചികിൽസ തേടുന്നുണ്ടെന്നാണ് കണക്കുകൾ. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയാകുന്പോൾ ഈ കണക്ക് കുതിക്കും.
ഇപ്പോഴത്തെ പനി പകർച്ച ഡെങ്കിപ്പനി വ്യാപനമാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തിൽ മഴക്കാലത്ത് ഉണ്ടാകുന്ന പനികളിൽ 15 മുതൽ 20ശതമാനം വരെ ഡെങ്കിപ്പനി ആകാമെന്ന പഠനങ്ങളാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം. അങ്ങനെ എങ്കിൽ തുടക്കത്തിലേ രോഗം സ്ഥിരീകരിച്ചില്ലെങ്കിൽ രോഗ വ്യാപനം രൂക്ഷമാകും. ഇതിന് മുന്പ് 2017ലാണ് കേരളത്തിൽ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടാകുന്നത്. ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെത്താതിരിക്കാൻ പനിയുടെ തുടക്കത്തിൽ തന്നെ ഡെങ്കി ബാധ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ , കുടുംബാരോഗ്യകേന്ദ്രങ്ങൾ അങ്ങനെ തുടങ്ങി താഴേ തട്ടിലുള്ള ആശുപത്രികളിൽ ഡെങ്കി പരിശോധനക്ക് ആവശ്യമായ കിറ്റുകളില്ലെന്നത് പ്രതിരോധത്തിന് തിരിച്ചടിയാണ്.
إرسال تعليق