ഇരിട്ടി: നഗരത്തിൽ തന്റെ കടയുടെ മുന്നിലെ ഫുട്‌പാത്തിൽ പച്ചക്കറികളും വിവിധ സസ്യങ്ങളും നട്ടുവളർത്തി ഹരിതാഭമാക്കുകയും ഇതിലൂടെ ശ്രദ്ധേയനാവുകയും ഏറെ പ്രശംസ നേടുകയും ചെയ്ത ഇരിട്ടിയിലെ റിച്ചൂസ് റക്സിൻ ഉടമ ജയപ്രശാന്ത് പുതിയ ദൗത്യവുമായി രംഗത്ത്. നഗരമദ്ധ്യം പുഷ്പാഭമാക്കുക എന്ന പുതിയ ഉദ്യമത്തിനാണ് ജയപ്രശാന്ത് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ടൗണിൽ ഇരിട്ടി പാലം മുതൽ ഫെഡറൽ ബാങ്ക് കെട്ടിടത്തിന് മുൻവശം വരെ വരുന്ന റോഡ് മധ്യത്തിലെ വീതിയേറിയ ഡിവൈഡറിൽ ശാസ്ത്രീയ രീതിയിലുള്ള പൂന്തോട്ട മൊരുക്കാനുള്ള ശ്രമമാണ് ജയപ്രശാന്ത് നടത്തുന്നത്. മണ്ണിട്ട് നിറച്ച ഡിവൈഡറുകളിൽ പലേടത്തും കാട് കയറുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. വ്യക്‌തികളും സംഘടനകളും ഓട്ടോ തൊഴിലാളികളിൽ ചിലരും ഡിവൈഡറിൽ പലേടത്തും ചെടികൾ വച്ചുപിടിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയിൽ പലതും കഴിഞ്ഞ വേനലിൽ നശിച്ചിരുന്നു. ഡിവൈഡറിൽ കിളിർത്തുപൊങ്ങിയ കാടുകൾ മുഴുവൻ നീക്കം ചെയ്തു. ഇളക്കിയിട്ട മണ്ണിൽ കളകൾ വളരാതിരിക്കാനായി പ്ലാസ്റ്റിക് സീറ്റുകൊണ്ട് പുതയിട്ടു. ഞായറാഴ്‌ച രാവിലെ 10ന് തൈ നടീൽ നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്യും. പയഞ്ചേരിയിലെ തൊട്ടിയിൽ നഴ്‌സറിയുമായി ചേർന്നാണ് ജയപ്രശാന്തിന്റെ പൂന്തോട്ടം പദ്ധതി.
إرسال تعليق