കോഴിക്കോട്: വൈദ്യുതി ലൈൻ പൊട്ടി വീണ് അപകടമുണ്ടാകാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുകലുകൾ സ്വീകരിക്കുന്നതിനായി പരമ്പരാഗത അലുമിനിയം കമ്പികൾ ഒഴിവാക്കി ഇൻസുലേറ്റഡ് കേബിളുകളുടെ ഉപയോഗം വ്യാപകമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ഊർജ്ജ വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. തൊണ്ടയാടിന് സമീപം പുതിയറയിൽ പൊട്ടിനിലത്ത് കിടന്ന വൈദ്യുതി ലൈനിൽ തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അപകടത്തിന് തലേന്നാണ് കമ്പി പൊട്ടി വീണത്. നാട്ടുകാർ പൊറ്റമ്മൽ വൈദ്യുതി ബോർഡ് ഓഫീസിൽ വിവരം അറിയിച്ചെങ്കിലും ലൈൻ ഓഫാക്കിയില്ലെന്ന പരാതി ഉയർന്നിരുന്നു. വീട്ടമ്മ മരിച്ച ശേഷം മാത്രമാണ് ലൈൻ ഓഫാക്കിയതെന്നും നാട്ടുകാർ പറഞ്ഞിരുന്നു. വിവരമറിഞ്ഞയുടൻ ലൈൻ ഓഫാക്കിയിരുന്നെങ്കിൽ പത്മാവതിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
കമ്മീഷൻ ഫറോക്ക് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നും റിപ്പോർട്ട് വാങ്ങി. കമ്പി പൊട്ടി വീണത് വിജനമായ പറമ്പിലാണെന്നും വിവരമറിയാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈൻ പൊട്ടി വീണതായി അറിയിച്ച ഉപഭോക്താവിന്റെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പരാതി പരിഹരിക്കാൻ നിയുക്തനായ ഉദ്യോഗസ്ഥൻസ്ഥലത്തെത്തുന്നതിനു മുമ്പാണ് അപകടം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പടന്നയിൽ വീട്ടിൽ പത്മാവതിക്ക് ഷോക്കേറ്റ വിവരം അറിഞ്ഞയുടൻ ഫീഡർ ഓഫ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറിൽ നിന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഊർജ്ജ വകുപ്പു പ്രൻസിപ്പൽ സെക്രട്ടറി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യങ്ങൾ തന്നെയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മനുഷ്യാവകാശ പ്രവർത്തകനായ എ. സി. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
إرسال تعليق