നേരിയ തോതിൽ മഴയുണ്ടെങ്കിലും കേരളത്തിൽ കാലവർഷം (Monsoon) ഇനിയും ശക്തമായിട്ടില്ല. ഈ മാസം ഏഴിന് ശേഷമാണ് കേരളത്തിൽ കാലവർഷം ശക്തമാകുകയെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കരയിൽ വ്യാപകമായി കയറാൻ പര്യാപ്തമായ നിലയിൽ പടിഞ്ഞാറൻ കാറ്റ് സ്ഥിരത പാലിക്കാത്തതാണ് മൺസൂൺ ലഭ്യത കുറവിന് കാരണം.
ഉച്ചകഴിഞ്ഞും വൈകുന്നേരവും മാത്രം കിഴക്കൻ പ്രദേശങ്ങളിലും മഴയുണ്ടാകും. ഇതേ സ്ഥിതി ഈ മാസം ആറ് വരെ തുടരും. ജൂൺ ഏഴ് മുതൽ അന്തരീക്ഷ സ്ഥിതി മഴക്കനുകൂലമായി മെച്ചപ്പെടും. കൂടുതൽ ഇടങ്ങളിലേക്ക് കൂടുതൽ സമയങ്ങളിലും ശക്തിയിലും മഴ ലഭിച്ച് മൺസൂൺ ഉണർവ് കൈവരിക്കും.
ജൂൺ രണ്ടാം വാരം മൺസൂൺ കേരളത്തിൽ ഊർജിതമാകും. എങ്കിലും ജൂൺ രണ്ടാം വാരത്തിൽ മഴ ചില ദിവസങ്ങളിൽ കുറയും. ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ സാധാരണയേക്കാൾ കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ സൂചന നൽകിയിരുന്നു.
കേരളത്തിൽ കാലവർഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാൻ കാരണം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പുറത്തായതിനാൽ കാലവർഷം വടക്കോട്ട് പുരോഗമിക്കുന്നതിനും തടസ്സം ഉണ്ടാകും. എങ്കിലും അടുത്ത ഏതാനും ദിവസങ്ങളിൽ കാലവർഷം മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിലും എത്താൻ സാധ്യതയുണ്ട്.
إرسال تعليق