ഇരിട്ടി : നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നവകേരളം പച്ചത്തുരുത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം 5 ന് പരിസ്ഥിതി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻകാവിൽ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷങ്ങളെ പ്രതിരോധിക്കാനും പരിസ്ഥിതിക ആരോഗ്യം വീണ്ടെടുക്കാനും ഹരിത കേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമാക്കിയ വേറിട്ട പദ്ധതിയാണ് പച്ചത്തുരുത്ത്. ഇതിനകം കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി 1850 ലധികം പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രാദേശിക ജൈവ വൈവിധ്യം ഉറപ്പുവരുത്തി കൂടുതല്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാനുള്ള പച്ചത്തുരുത്ത് വ്യാപന പദ്ധതിക്ക് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ലോകപരിസ്ഥിതി ദിനത്തില്‍ തുടക്കമിടുകയാണ്.
136 ഏക്കറില്‍ വെപ്പിച്ചു കിടക്കുന്ന കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള പച്ചത്തുരുത്താണ് പാലപ്പുഴയോരത്തേത്. ബാവലി, ചീങ്കണ്ണി, കാക്കുവ പുഴകൾ സംഗമിച്ചൊഴുകുന്ന ഈ ഭൂപ്രദേശം അത്യപൂര്‍വ്വമായ സസ്യ-ജന്തു-ശലഭ-മത്സ്യ-വൈവിധ്യത്തിന്റെ കേന്ദ്രമാണ് . ആറളം ഫാമും, ആറളം വന്യജീവി സങ്കേതവുമെല്ലാം ഇതിനോട് ചേർന്ന് നിൽക്കുന്നു. പ്രകൃതിഭംഗിയുടെ വേറിട്ട കാഴ്ചകള്‍ കൊണ്ടും സമ്പന്നമാണിവിടം.
മുഴക്കുന്ന് പഞ്ചായത്ത് ശാസ്ത്രീയ സര്‍വ്വേ നടത്തി അതിരിട്ട് സംരക്ഷിച്ച പ്രദേശമാണിത്. കേരളത്തില്‍ മറ്റൊരു പഞ്ചായത്തിനും അവകാശപ്പെടാനില്ലാത്ത ഏറ്റവും വലയ പച്ചത്തുരുത്തിനെ മികച്ച രീതിയില്‍ സംവിധാനം ചെയ്യാന്‍, വൈവിധ്യമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഡി പി ആര്‍ തയ്യാറാക്കുന്നതിനുള്‍പ്പെടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടന്നുവരികയാണ്. പ്രാദേശിക ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ കൂടി മുന്നില്‍കണ്ടുകൊണ്ട് കേരളത്തിന് തന്നെ മാതൃകയാവുന്ന വേറിട്ട പദ്ധതിയാണ് പച്ചത്തുരുത്ത് വിഭാവനം ചെയ്യുന്നത്.
അയ്യപ്പന്‍കാവ് മുബാറക് എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ പദ്ധതി വിശദീകരണം നടത്തും. സണ്ണി ജോസഫ് എംഎല്‍എ, കെ.സുധാകരന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഡോ.വി. ശിവദാസന്‍ എംപി ബ്രോഷര്‍ പ്രകാശനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാകലക്ടര്‍ എസ്. ചന്ദ്രശേഖര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ്കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. പ്രകാശന്‍, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, എം. രാജന്‍, സി.കെ. ചന്ദ്രന്‍, കെ.എം. ഗിരീഷ്, ഒമ്പാന്‍ ഹംസ, എം. ഹരിദാസ്, ഷെഫീന മുഹമ്മദ് എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചന്ദ്രന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ വി.വി. വിനോദ്, അംഗങ്ങളായ കെ. മോഹനന്‍, കെ.വി. റഷീദ്, സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍ എന്നിവര്‍ പത്ര സമ്മേളനത്തിൽ അറിയിച്ചു.
إرسال تعليق