Join News @ Iritty Whats App Group

പട്ടികജാതി – വർഗ വിഭാ​ഗങ്ങൾക്ക് വീട് നിർമ്മിക്കാൻ 440 കോടി രൂപ

പട്ടിക വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സാമൂഹ്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മൂന്നു വർഷത്തിനകം ലൈഫ് പദ്ധതിയിലൂടെ പട്ടിക വിഭാഗക്കാരുടെ ഭവന നിർമാണം ഈ സർക്കാർ പൂർത്തിയാക്കും. 2021-22 സാമ്പത്തിക വർഷം 418 കോടി രൂപ ലൈഫ് മിഷനിലേക്ക് പട്ടികജാതി – വർഗ വകുപ്പുകൾ കൈമാറിയിട്ടുണ്ട്. ഈ വർഷം 440 കോടി രൂപ ലൈഫ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഓരോ പട്ടിക വിഭാഗം കുടുംബങ്ങളുടെയും വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പരിഹരിക്കാൻ കഴിയുന്ന വിധത്തിലുള്ള പദ്ധതികളാകും ഇനി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

പി പി സുമോദ് എം എൽ എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പട്ടിക വിഭാഗം ജനങ്ങളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന പദ്ധതിയെപ്പറ്റി മന്ത്രി നിയമസഭയിൽ വിശദമാക്കിയത്. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളിലെ ഇരട്ടിപ്പ് ഒഴിവാക്കും. വിദ്യാഭ്യാസം , ആരോഗ്യം, അടിസ്ഥാന സൗകര്യം, ഭൂമി തുടങ്ങി ഓരോ പട്ടിക വിഭാഗം കുടുംബത്തിലും പ്രശ്നങ്ങൾ സൂക്ഷ്മ തലത്തിൽ പരിശോധിച്ച് കണ്ടെത്തും. തുടർന്ന് ഇവ പരിഹരിക്കാൻ കഴിയുന്ന പദ്ധതികളാകും ആവിഷ്ക്കരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

വകുപ്പിന്റെ പദ്ധതികൾ നടപ്പാക്കാൻ കൂടുതൽ സാങ്കേതിക സൗകര്യങ്ങളുള്ള ഏജൻസികളെ പരിഗണിക്കും. അംബേദ്കർ കോളനിയടക്കമുള്ള നിർമാണ പ്രവർത്തനങ്ങളിൽ നിലവിൽ വലിയ പുരോഗതിയുണ്ട്. പദ്ധതികളുടെ വിശദമായ മേൽനോട്ടത്തിനായി ഈ സർക്കാർ എം എൽ എ മാർ അധ്യക്ഷന്മാരായി മോണിട്ടറിങ്ങ് സമിതികൾ രൂപീകരിച്ചു. പദ്ധതികൾ സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കുന്നതിന് ഈ സമിതികളുടെ ഇടപെടൽ സഹായിക്കുമെന്നും കെ രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group