മട്ടന്നൂര്‍: മട്ടന്നൂര്‍ അഡീഷണല്‍ ജില്ലാ ട്രഷറിക്കുവേണ്ടി നിര്‍മിച്ച കെട്ടിടം 21 ന് പ്രവര്‍ത്തനം തുടങ്ങും.
രാവിലെ 11.30 ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. രണ്ടര കോടിയിലേറെ രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ കോടതിക്ക് സമീപത്തുള്ള പഴശി ജലസേചന പദ്ധതിയുടെ സ്ഥലത്താണ് ആധുനിക സൗകര്യത്തോടെ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.ജലസേചന വകുപ്പ് നല്കിയ 20 സെന്റ് സ്ഥലത്താണ് കെട്ടിടം പണിതത്. കെട്ടിടത്തിനകത്തുള്ള പ്രവൃത്തികള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചാണ് ഉദ്ഘാടനം നടത്തുന്നത്. ട്രഷറി കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, സ്റ്റോര്‍ റൂം, കാര്‍ പാര്‍ക്കിംഗ് ഏരിയ എന്നിവയുണ്ട്. കെട്ടിടം നിര്‍മാണം, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ എന്നിവയ്ക്ക് 2.15 കോടിയും ഫര്‍ണിച്ചറുകള്‍ക്ക് 46 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
നിലവില്‍ മട്ടന്നൂര്‍ -മരുതായി റോഡില്‍ നഗരസഭ ഓഫീസിന് സമീപത്തുള്ള വ്യാപാരസമുച്ചയത്തില്‍ മൂന്നാം നിലയിലാണ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. വയോധികര്‍ ഉള്‍പ്പടെയുളളവര്‍ ഏറെ പണിപ്പെട്ടാണ് ഇവിടെയെത്തുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍ കുറവുള്ള കെട്ടിടം മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വയോധികര്‍ ഉള്‍പ്പെടെ അനുഭവിക്കുന്ന പ്രയാസം അവസാനിക്കും. ഉദ്ഘാടനം ഉത്സവമാക്കി മാറ്റുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. മട്ടന്നൂര്‍ നഗരസഭാ ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കെ.കെ.ശൈലജ എംഎല്‍എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ അനിത വേണു, വൈസ് ചെയര്മാന് പി. പുരുഷോത്തമന്, സി.വി.ശശീന്ദ്രന്, കെ.വി.ജയചന്ദ്രന്, കെ.ഭാസ്കരന്, നഗരസഭ സെക്രട്ടറി എസ്.വിനോദ് കുമാര്‍, ജില്ലാ ട്രഷറി ഓഫീസര്‍ കെ.ടി.ശൈലജ തുടങ്ങിയവര്‍ പ്രസംഗിച്ചു.
إرسال تعليق