ജയ്പൂര്‍: രാജസ്ഥാനില്‍ ഏഴുവയസ്സുകാരന്‍ 14 വയസ്സുകാരനെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ് ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ പതിനാലുകാരന്‍ ബുധനാഴ്ചയാണ് മരിച്ചത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
മെയ് 13ന് കോട്ടയിലെ പ്രേം നഗര്‍ കോളനിയിലാണ് സംഭവം നടന്നത്. വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കേ കുട്ടികള്‍ തമ്മില്‍ വഴക്കുകൂടി. കുപിതനായ ഏഴുവയസ്സുകാരന്‍ തൊട്ടരികില്‍ പാര്‍ക്ക് ചെയ്തിരുന്ന അച്ഛന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ കുപ്പിയുമായി വന്നു. തുടര്‍ന്ന് 14കാരന്റെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
60 ശതമാനം പൊള്ളലേറ്റ 14കാരന്‍ എംബിഎസ് ആശുപത്രിയില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച മരണം സംഭവിച്ചു. മരിക്കുന്നതിന് മുന്‍പ് 14കാരന്‍ പൊലീസിന് നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. ഏഴു വയസ്സുകാരന്റെ കുടുംബം മധ്യപ്രദേശ് സ്വദേശികളാണ്. ജീവിതമാര്‍ഗം തേടിയാണ് കുടുംബം രാജസ്ഥാനില്‍ എത്തിയത്.
സംഭവത്തിന് പിന്നാലെ ഏഴുവയസ്സുകാരനും കുടുംബവും മധ്യപ്രദേശിലേക്ക് തന്നെ തിരിച്ചുപോയി. 14കാരന്‍ ചികിത്സയിലിരിക്കേ മരിച്ചതോടെ, 302-ാം വകുപ്പ് പ്രകാരം ഏഴുവയസ്സുകാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
إرسال تعليق