ഇരിട്ടി: നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ച് ഒന്നര വർഷം പിന്നിട്ടിട്ടും വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന ഇരിട്ടി ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. കിഫ്ബി ധന സഹായത്തോടെ പൂർത്തീകരിച്ച സബ് രജിസ്ട്രാർ ഓഫീസിന്റെ കെട്ടിടം രജിസ്‌ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ബുധനാഴ്ച രാവിലെ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഇതോടെ വർഷങ്ങളായി കീഴൂരിൽ ഉൾപ്രദേശത്തെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുക്കൊണ്ടിരുന്ന സബ് രജീസ്ട്രാർ ഓഫീസ് നഗര ഹൃദയത്തിൽ പ്രവർത്തനം തുടങ്ങി.
ഒന്നര വർഷത്തോളമായി കെട്ടിടം പണി പൂർത്തിയായിട്ടും സബ് രജിസ്ട്രാർ ഓഫീസ് തുറന്നു കൊടുക്കാത്തത് വ്യാപക പ്രതിഷേധത്തിനും നാട്ടുക്കാരുടെ ദുരിതത്തിനും ഇടയാക്കിയിരുന്നു. വിവിധ സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ടു വരികയും രണ്ടുമാസം മുൻപ് ബി ജെ പി യുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം പ്രതീകാത്മക ഉദ്ഘാടനം നടത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു .
കിഫ്‌ബി പദ്ധതിയിൽ 1.35 കോടി രൂപയ്ക് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. അപകടാവസ്ഥയിലായിരുന്ന പഴയ രജിസ്ട്രാർ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലം പ്രയോജനപ്പെടുത്തി മൂന്ന് നിലകളിലായി 701 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിച്ചത്. പാർക്കിംങ്ങും പൊതുജനങ്ങൾക്കുള്ള വിശ്രമുറിയും ശുചിമുറിയുമെല്ലാം പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്നും ഫയലുകൾ എല്ലാം പുതിയ ഓഫീസിലേക്ക് മാറ്റുന്നതോടെ അടുത്ത ആഴ്ച്ചയോടെ പുതിയ ഓഫീസ് പൂർണ്ണ പ്രവർത്തന ക്ഷമമാകും.
ഉദ്ഘാടന ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കെ എസ് സി റീജിയണൽ മാനേജർ സി. രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ ശ്രീലത,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഫസീല, നഗരസഭ കൗൺസിലർ പി. രഘു, പി. വിജയൻ, തോമസ് വർഗീസ്, പായം ബാബുരാജ്, സത്യൻകൊമ്മേരി, അഷ്‌റഫ് ചായിലോട്, ബെന്നിച്ചൻ മഠത്തിനകം, ജയ്‌സൺ ജീരകശേരി, ബാബുരാജ് ഉളിക്കൽ, കെ.കെ. ഹാഷിം, കെ. മുഹമ്മദലി, രാജു മൈലാടിയിൽ, വത്സൻ അത്തിക്കൽ, പി.എസ്. സുരേഷ് കുമാർ, എം. പി. മനോഹരൻ, ജില്ലാ രജിസ്ട്രാർ ജനറൽ ബി. എസ്. ബീന, ഇരിട്ടി സബ്ബ് രജിസ്ട്രാർ എം.എൻ. ദിലീപ് എന്നിവർ സംസാരിച്ചു.
إرسال تعليق