ഇരിട്ടി : കൊട്ടിയൂർ പെരുമാളെ തൊഴാനെത്തിയ ഭക്തജനത്തിരക്കിൽ കൊട്ടിയൂരും കേളകവും സമീപ പ്രദേശങ്ങളും നിശ്ചലമായത് മണിക്കൂറുകളോളം. കൊട്ടിയൂർ വൈശാഖ മഹോത്സവ ചരിത്രത്തിലെ ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് ഞായറാഴ്ച്ച നാട് സാക്ഷിയായത്. കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കിൽ പെട്ട് ഭക്തജനങ്ങൾക്ക് ശ്വാസം മുട്ടി. കൊട്ടിയൂർ സമാന്തര റോഡിൽ രൂപപ്പെട്ടത് പത്തു കിലോമീറ്ററിലധികം നീണ്ട ഗതാഗതക്കുരുക്കാണെങ്കിൽ കൊട്ടിയൂർ മാനന്തവാടി റോഡിലും സമാനമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. പുലർച്ചെ മൂന്നു മണിയോടെ ആരംഭിച്ച ഭക്തജനത്തിരക്കിൽ രാവിലെ ഏഴു മണിയോടെ തന്നെ തിരുവൻ ചിറ നിറഞ്ഞു കവിഞ്ഞു. വാഹനങ്ങളുടെ നിലക്കാത്ത പ്രവാഹത്തിൽ കണിച്ചാർ മുതൽ ഗതാഗത തടസ്സവുമുണ്ടായി.
ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിലിന്റെയും, പേരാവൂർ ഡി വൈ എസ് പി എ.വി. ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗക്കുരുക്ക് നിയന്ത്രിച്ചത്. കണിച്ചാര്‍ മുതല്‍ ഗതാഗതം തടസപ്പെട്ടതോടെ ചെറുവാഹനങ്ങള്‍ നാനാനിപൊയില്‍ ഇരട്ടത്തോട് ഭാഗങ്ങളില്‍ നിന്നും സമാന്തരപാത വഴിയാണ് തിരിച്ചുവിട്ടത്.
വാഹന പാർക്കിംങ്ങ് ഗ്രൗണ്ടുകളിലെല്ലാം വാഹനങ്ങൾ നിറഞ്ഞതോടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്നിടത്തൊക്കെ വാഹനങ്ങളിട്ട് ഭക്തർ കാൽനടയായും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. കത്തുന്ന വെയിലിനെ പോലും അവഗണിച്ച് ഭക്തരെത്തിയതോടെ ദേവസ്വം വളണ്ടിയർമാരുടെയും പോലീസിന്റെയും നിയന്ത്രണം നഷ്ടപ്പെട്ടു.കൊട്ടിയൂരിലേക്കുള്ള സകല ഊടുവഴികൾ പോലും വാഹനങ്ങൾ കൊണ്ട് നിറഞ്ഞതോടെ കൊട്ടിയൂരിൽ നിന്ന് തിരിച്ചു പോകാനും ഭക്തർ ഏറെ പ്രയാസപ്പെടേണ്ടി വന്നു.
തിരുവഞ്ചിറയിൽ ഉച്ചശീവേലിക്ക് സൗകര്യമൊരുക്കാൻ പോലും പ്രയാസപ്പെടേണ്ടി വന്നു. ദർശനം ലഭിക്കാൻ പല ഭക്തർക്കും അഞ്ചു മണിക്കൂറിലധികം ക്യൂ നിൽക്കേണ്ടി വന്നു. ഭക്തജനത്തിരക്കേറിയതോടെ അക്കരെ കൊട്ടിയൂരിൽ മൊബൈൽ ഫോൺ ബന്ധം മുറിഞ്ഞുപോവുകയും ആശയ വിനിമയങ്ങൾ ഇടയ്ക്കിടെ താറുമാറാവുകയും ചെയ്തു. വൈകുന്നേരത്തോടെയാണ് ഭക്തജന തിരക്കിന് നേരിയ കുറവ് വന്നത്. അക്കരെ സന്നിധാനത്ത് അന്നദാനവും ചുക്കുകാപ്പി വിതരണവുമുൾപ്പെടെയുള്ള സംവിധാനം ഒരുക്കിയതാണ് ഭക്തജനങ്ങൾക്ക് അൽപ്പം അനുഗ്രഹമായത് .
إرسال تعليق