Join News @ Iritty Whats App Group

സ്പൂൺ കൊണ്ട് ഭിത്തിതുരന്ന് കുതിരവട്ടത്ത് നിന്ന് ചാടിയ അന്തേവാസി വാഹനാപകടത്തിൽ മരിച്ചു


കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍  വീണ്ടും സുരക്ഷാവീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരിക്കെ തടവു ചാടിയ റിമാന്‍ഡ് പ്രതി മലപ്പുറം കോട്ടയ്ക്കലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം കൽപകഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ (23) ആണു മരിച്ചത്. വാര്‍ഡ് മൂന്നിലെ ശുചിമുറിയിലെ ഭിത്തി സ്പൂൺ കൊണ്ട് തുരന്നാണ് പ്രതി ഇന്നലെ രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്ന് പുറത്തുകടന്ന ഇയാള്‍ ഒരു ബൈക്ക് മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതിനിടെ മലപ്പുറത്തുവച്ച് അപകടത്തില്‍പെടുകയായിരുന്നു.
സ്പൂണ്‍ ഉപയോഗിച്ച് ശുചിമുറിയുടെ ഭിത്തി തുരന്നു രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. ‌ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. കോട്ടയ്ക്കലിൽവച്ച് മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടിച്ച ബുള്ളറ്റ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് പരുക്കേൽക്കുകയായിരുന്നു. കോട്ടയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.

ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇവരിൽ രണ്ട് പേരെ കണ്ടെത്തിയിരുന്നു. രോഗികളുടെ എണ്ണത്തിനാനുപാതികമായി സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടി പോയ യുവാവിനെ ഷൊർണൂരില്‍ വച്ച് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ അടുത്ത ദിവസം പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടിയും ചാടിപ്പോയിരുന്നു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്.

Post a Comment

أحدث أقدم
Join Our Whats App Group