ബെംഗളൂരു-മൈസൂരു പാതയില്‍ മലപ്പുറം തിരുവാലി സ്വദേശികളായ രണ്ടു മലയാളി വിദ്യാര്‍ഥികളെ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി. ബെംഗളൂരുവില്‍ പ്രൊഡക്ട് ഡിസൈനിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവാലി കിഴക്കേവീട്ടില്‍ മാത്യുവിന്റെ മകന്‍ ബരാക് മാത്യു (21), മൈസൂരു ബെന്നിമണ്ഡപത്തെ കോളേജിലെ രണ്ടാംവര്‍ഷ ഫാര്‍മസി വിദ്യാര്‍ഥി തിരുവാലി പത്തിരിയാല്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്തിന്റെ മകന്‍ ആരോണ്‍ എബിന്‍ രഞ്ജിത്ത് (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇക്കഴിഞ്ഞ 25-ന് വൈകീട്ട് ആറോടെയാണ് സംഭവം. ആരോണിന്റെ സഹോദരിയുടെ നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ കോളേജില്‍നിന്ന് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് മാണ്ഡ്യക്കു സമീപം ഇവര്‍ ആക്രമിക്കപ്പെട്ടത്. നിര്‍ത്തിയിട്ട ബൈക്ക് പെട്ടെന്ന് റോഡിനു കുറുകെയിട്ട് രണ്ടുപേര്‍ ഇവരെ സ്‌കൂട്ടറില്‍നിന്ന് വലിച്ചു താഴെയിട്ടു. ഇതേസമയംതന്നെ കുറച്ചുപേര്‍ റോഡിന്റെ പലഭാഗത്തുനിന്നുമെത്തി സംഘംചേര്‍ന്ന് മര്‍ദിച്ചുവെന്ന് ഇവര്‍ പറയുന്നു.
മര്‍ദനം തുടര്‍ന്ന ഇവര്‍ സ്‌കൂട്ടര്‍ ചവിട്ടി നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇരുവരും സ്‌കൂട്ടറെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്തുടര്‍ന്ന് ആക്രമിച്ചു. സ്‌ക്രൂഡ്രൈവറും ഇരുമ്പുകമ്പിയുമുപയോഗിച്ചുള്ള ആക്രമണത്തില്‍ മുഖത്തും കണ്ണിനും പരിക്കേറ്റു. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഇതു വലിച്ചൂരി വലിയ കല്ലെടുത്ത് തലയിലേക്കെറിയാന്‍ പലയാവര്‍ത്തി അക്രമികള്‍ ശ്രമിച്ചതായും ഇവര്‍ പറയുന്നു.
നാട്ടുകാരെന്നു കരുതുന്ന ചിലര്‍ വന്നാണ് ഇവരെ രക്ഷപ്പെടാന്‍ അനുവദിച്ചത്. ആക്രമണത്തില്‍ ബാഗിലുണ്ടായിരുന്ന ലാപ്ടോപ്പും ഐപാഡും തകര്‍ത്തു. അക്രമത്തിനുള്ള കാരണം എന്താണെന്നറിയില്ലെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് മൈസൂരുവില്‍നിന്ന് ബസില്‍ നാട്ടിലെത്തിയ ഇവര്‍ പരാതി നല്‍കാന്‍പോലും ഭയന്നിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൈവേ കവര്‍ച്ച നടത്തുന്ന ഏഴംഗ മലയാളിസംഘത്തെ ഇതേ സ്ഥലത്തുവെച്ച് കഴിഞ്ഞദിവസം മാണ്ഡ്യ പോലീസ് അറസ്റ്റുചെയ്ത വാര്‍ത്ത പത്രത്തിലൂടെ അറിഞ്ഞത്.
ആക്രമിച്ചത് ഇവരായിരിക്കാനുള്ള സാധ്യത മനസ്സിലാക്കിയതോടെ, പൊതുപ്രവര്‍ത്തകനും നാഷണല്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എണ്‍വയണ്‍മെന്റ് ഫോറം ദേശീയ വൈസ് ചെയര്‍മാനുമായ ഷാജഹാന്‍ പത്തിരിയാല്‍ ഇടപെട്ട് എടവണ്ണ പോലീസില്‍ പരാതിനല്‍കി. അക്രമികളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് യുവാക്കള്‍ പറഞ്ഞു.
إرسال تعليق