എല്ലാ രംഗത്തും സാമൂഹിക നീതി ഉറപ്പാക്കണം എന്നുള്ളതാണ് ഇടതുപക്ഷ ജനാധിപത്യ നിലപാട്. അത് ഒരോ സ്ഥാപനത്തിലും നടപ്പിലാക്കുമ്പോൾ സ്ഥാപനത്തിൻ്റെ ഇപ്പോഴുള്ള സ്ഥിതിയും പരിഗണിച്ച് വേണം നടപ്പിലാക്കാൻ. നിലവിലുള്ള സംവിധാനം തുടരുകയല്ലാതെ, മറ്റ് സംവിധാനത്തെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല. എല്ലാ രംഗത്തും സാമൂഹിക നീതി നടപ്പാക്കും. ഇത് എൽ.ഡി.എഫ്. നിലപാടാണ്.
സ്കൂളുകളിൽ നിർബന്ധിത പിരിവ് അനുവദിക്കില്ല. രക്ഷകർത്താവിൻ്റെയും, കുട്ടിയുടെയും പൂർണ്ണ സമ്മതത്തോടെ നൽകുന്ന തുകയേ വാങ്ങാൻ പാടുള്ളൂ. പണം നൽകാത്തിൻ്റെ പേരിൽ പ്രവേശനം നൽകിയില്ലെങ്കിൽ സർക്കാർ കർശന നടപടി സ്വീകരിക്കും. നിർബന്ധിത പിരിവിനെ കോഴയായി സർക്കാർ കാണുമെന്നും മന്ത്രി ശിവൻക്കുട്ടി ന്യൂസ് 18നോട് വ്യക്തമാക്കി.
സ്‌കൂളുകളിൽ താൽക്കാലിക ടീച്ചർമാരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അടിവരയിട്ടു. തൃപ്പൂണിത്തുറയിൽ സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളിൽ നിന്ന് നിർബന്ധിതമായി പണപ്പിരിവ് പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളുടെ വികസനത്തിന് ഫണ്ട് നൽകാൻ താല്പര്യം ഉള്ളവർക്ക് നൽകാം.
സ്കൂൾ മാറ്റത്തിന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ ഉപാധികൾ വെക്കരുത്. ട്രാൻസ്ഫർ ആവശ്യമുള്ളവർക്ക് അത് നൽകണം. ഇക്കാര്യത്തിൽ പരാതി ഉയരാത്ത വിധം സ്കൂളുകൾ കൈകാര്യം ചെയ്യണം. എയിഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ പ്രവേശനോത്സവ ഗാനം മന്ത്രി പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കടയാണ് ഗാനരചന നിർവഹിച്ചത്. സംഗീതം നല്‍കിയിരിക്കുന്നത് വിജയ് കരുണ്‍ ആണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി.ടി.എ. ഭാരവാഹികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം ശ്രദ്ധയിൽപെട്ടതിനെതുടർന്ന് കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂളും പരിസരവും ലഹരി വിമുക്തമാക്കാൻ നടപടിയെടുക്കും. ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുക്കും. സ്‌കൂൾ കോമ്പൗണ്ടിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കും എന്നും മന്ത്രി അറിയിച്ചു. അധ്യാപകർ ലഹരിവസ്തു ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
إرسال تعليق