പുനലൂരിലെ കരവാളൂര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് മത്സ്യക്കട അടച്ചിടാന്‍ നിര്‍ദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. കരവാളൂര്‍ മാമ്മൂട്ടില്‍ വീട്ടില്‍ ദീപ വാങ്ങിയ ഒരു കിലോ മത്സ്യത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. മത്സ്യം പാകം ചെയ്യാന്‍ എടുത്തപ്പോഴാണ് അതില്‍ പുഴുവുള്ളത് ശ്രദ്ധയില്‍പ്പെട്ടതെന്ന് വീട്ടമ്മ പറയുന്നു.
പരാതിയെ തുടര്‍ന്ന് പുഴുവരിച്ച മത്സ്യ ശേഖരം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഒരു കിലോയോളം പുഴുവരിച്ച മത്സ്യവും ഭക്ഷ്യയോഗ്യമല്ലാത്ത 4 കിലോ മത്സ്യവുമാണ് പിടികൂടിയത്. പരിശോധനയില്‍ മത്സ്യം വിറ്റിരുന്ന കടയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞതായി കണ്ടെത്തി. തുടര്‍ന്ന് താത്ക്കാലികമായി കച്ചവടം നിര്‍ത്തിവെക്കാനും കട അടച്ചിടാനും നിര്‍ദ്ദേശിക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് അധികൃതരും കണ്‍ട്രോള്‍ റൂം പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. സ്ഥാപനത്തിന് ഉടന്‍ തന്നെ ലൈസന്‍സ് എടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് കണ്‍ട്രോള്‍ റൂം എസ്‌ഐ ആര്‍.ജയദേവന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഗോപന്‍, സനില്‍കുമാര്‍ എന്നിവരും ഭക്ഷ്യസുരക്ഷാ കൊട്ടാരക്കര സര്‍ക്കിള്‍ ഓഫിസര്‍ ലക്ഷ്മിയുമാണ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചത്.
إرسال تعليق