കണ്ണൂര്‍: വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹീനവും നിന്ദ്യവും സ്വൈരജീവിതത്തിന് പോറലേല്‍പ്പിക്കുന്നതുമായ പ്രവൃത്തികള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ ജാഗ്രത പുലര്‍ത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്കാണ് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ഫെബ്രുവരി 13ന് തോട്ടയില്‍ നടന്ന വിവാഹാഘോഷത്തോടനുബന്ധിച്ച് നടന്ന ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
ഇതുസംബന്ധിച്ച് കണ്ണൂര്‍ റേഞ്ച് ഐജി കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കണ്ണൂര്‍ ചാല പന്ത്രണ്ട് കണ്ടിയില്‍ വിവാഹവീട്ടില്‍ ഡാന്‍സ് കളിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കങ്ങളാണ് ബോംബ് സ്ഫോടനത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ വീടുകളില്‍ സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തും.
വിവാഹവീടുകളില് ആഭാസകരമായ പ്രവൃത്തികള്‍ കണ്ടെത്തുകയാണെങ്കില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
إرسال تعليق