വിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി ബി ജെ പി (BJP). പി സി ജോർജ് നടത്തിയതിലും വലിയ വിദ്വേഷ പ്രസംഗവും കൊലവിളിയും നടത്തിയവര്‍ സ്വൈര്യമായി വിഹരിക്കുന്നുവെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പി സി ജോര്‍ജ് കീഴടങ്ങാനെത്തിയ പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ ബി ജെ പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സുരേന്ദ്രന്‍.
പി സി ജോര്‍ജിന് എതിരായ നിയമനടപടിയെ ബി ജെ പി ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ അതിലും വലിയ കുറ്റം ചെയ്തവരെ സര്‍ക്കാരും പ്രതിപക്ഷവും സംരക്ഷിക്കുന്നതിന് എതിരെയാണ് ബി ജെ പിയുടെ പ്രതിഷേധമെന്നും ബി ജെ പി നേതാക്കള്‍ പറയുന്നു. ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരേ കൊലവിളി നടത്തിയവര്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. കുന്തിരിക്കവും അവലും മലരും കരുതി വെച്ചോളൂ എന്ന് കൊലവിളി നടത്തിയവര്‍ക്കെതിരേ നടപടിയില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Also Read- Sobha Surendran |'പി സി ജോർജ് നട്ടെല്ലുള്ളയാൾ; അനീതിക്കെതിരെ പ്രതികരിച്ചതിനാണ് പോലീസ് പിടിക്കാൻ നടക്കുന്നത്'; ശോഭാ സുരേന്ദ്രൻ
സംസ്ഥാന സര്‍ക്കാര്‍ ഭീകരവാദത്തേ പ്രോത്സാഹിപ്പിക്കുന്നവരെ സഹായിക്കുന്നു. ആലപ്പുഴയിലെ വിവാദ മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കുന്നത് എന്തിനാണ്? ഒരു പേപ്പറിന്റെ പോലും സഹായമില്ലാതെ കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിക്കെതിരെ ജുവനൈല്‍ നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ടാണ് എന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. പി സി ജോര്‍ജിനെ ഒരു പ്രസംഗത്തിന്റെ പേരില്‍ വേട്ടയാടുന്നവര്‍ മറുവിഭാഗം ചെയ്ത കുറ്റങ്ങള്‍ മറച്ചുവെക്കുന്നതെന്തിനെന്ന് ചോദിക്കുന്നത് പൊതുജനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പി സി ജോര്‍ജിനെ മാത്രം വേട്ടായാടുന്ന പിണറായി വിജയന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് തൃക്കാക്കരയിലെ 23,000ല്‍ അധികം വരുന്ന മുസ്ലീം വോട്ടുകളാണെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. എന്നാല്‍ അഭ്യസ്തവിദ്യരായ മുസ്ലീം യുവാക്കള്‍ പ്രായോഗികമായി ചിന്തിക്കുന്നവരാണെന്നും ഈ തട്ടിപ്പില്‍ അവര്‍ വീഴില്ലെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത് കലാപമുണ്ടാക്കാന്‍ സി പി എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
إرسال تعليق