എക്‌സൈസ് നികുതിയില്‍ മാറ്റം വരുത്തിയിട്ടും കേരളത്തില്‍ പെട്രോൾ വിലയില്‍ കാര്യമായി വിലക്കുറവുണ്ടായില്ല. എന്നാല്‍ ഡീസലിന് പ്രഖ്യാപിച്ച ഇളവ് ലഭിക്കുകയും ചെയ്തു. പെട്രോളിന് ലിറ്ററിന് കേന്ദ്രം കുറച്ചത് എട്ടുരൂപയാണ്. കേരളത്തിലെ നികുതിയിനത്തില്‍ കുറഞ്ഞത് 2.41 രൂപയും. രണ്ടുംചേര്‍ന്ന് 10.41 രൂപയാണ് കുറയേണ്ടിയിരുന്നത്.
ജില്ലകളിലെ ശരാശരി പ്രകാരം ഞായറാഴ്ച സംസ്ഥാനത്ത് 9.40 രൂപയാണ് കുറഞ്ഞത്. ഒരു രൂപയുടെ ഇളവ് എവിടെപ്പോയെന്ന ചോദ്യമുയരുന്നുണ്ട്. സംസ്ഥാനം നികുതി കൂട്ടുകയോ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ അടിസ്ഥാന വില കൂട്ടുകയോ ചെയ്യുമ്പോഴാണ് ഇളവ് പൂര്‍ണമായി ലഭിക്കാതാകുന്നത്. എന്നാല്‍ സംസ്ഥാന ഇന്ധനനികുതി ഉയര്‍ത്തിയിട്ടില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ നികുതി കൂറച്ചതിന് പിന്നാലെ പെട്രോളിന്റെ വില എണ്ണക്കമ്പനികള്‍ കൂട്ടി എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രതീരുമാനത്തോടെ പെട്രോളിന് 27.9 രൂപയും ഡീസലിന് 21.8 രൂപയുമായിരുന്ന തീരുവ യഥാക്രമം 19.9 രൂപയും 15.8 രൂപയുമായി. കേരളത്തില്‍ പെട്രോളിന് 30.8 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വില്‍പ്പനനികുതി. ഇതിനുപുറമേ ഒരുരൂപവീതം അധികനികുതിയും ഒരുശതമാനം സെസുമുണ്ട്.
തിരുവനന്തപുരത്ത് 9.48 രൂപയാണ് പെട്രോളിന് ഞായറാഴ്ച കുറഞ്ഞത്. എറണാകുളം 9.31 രൂപ, കോഴിക്കോട് 9.42 രൂപ, കണ്ണൂര്‍ 9.54 രൂപ, വയനാട് 9.45 രൂപ, കാസര്‍കോട് 9.64 എന്നിങ്ങനെയാണ് കുറഞ്ഞത്.
إرسال تعليق