Join News @ Iritty Whats App Group

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്


പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ലെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ക്രൈസ്തവരുടെ രാഷ്ട്രീയ പാര്‍ട്ടിയെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ നിലപാട് തള്ളിക്കൊണ്ടായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന.

നാം ഒന്നിച്ചു നിന്നാല്‍ രാഷ്ട്രീയക്കാര്‍ നമ്മളെ തേടിയെത്തും. ക്രൈസ്തവര്‍ തമ്മില്‍ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.

പാലായിലെ മദ്യ ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജോസഫ് കല്ലറങ്ങാട്ട്. വഖഫ് നിയമഭേദ ബില്‍ പാസായ വിഷയത്തിലും ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചു. കെസിബിസി കേരള എംപിമാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ അവര്‍ക്ക് അവരുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാട് എടുക്കേണ്ടി വന്നുവെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

ക്രിസ്ത്യാനികളും രാജ്യത്ത് ന്യൂനപക്ഷം ആണ്. പലരെയും വോട്ട് ചെയ്ത് ജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആശയപരമായും ധാര്‍മികമായും പലരേയും തോല്‍പ്പിക്കാന്‍ കഴിയും. പൗരാവകാശം എന്താണ് എന്ന് നമ്മള്‍ തിരിച്ചറിയണം. ജബല്‍പൂരില്‍ പുരോഹിതരെ മര്‍ദിച്ചത് അപലപനീയമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group