Join News @ Iritty Whats App Group

ഗോകുലം ഗോപാലൻ ചെന്നൈയിലെത്തി; ഗോകുലം ചിറ്റ്സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വെച്ച് ഇഡി ചോദ്യം ചെയ്യുന്നു

ചെന്നൈ: ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടക്കുന്നതിനിടെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വെച്ചാണ് ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാൻ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു.



തുടര്‍ന്ന് കോഴിക്കോട് നിന്നും വൈകിട്ട് ആറേ കാലോടെയാണ് ഗോകുലം ഗോപാലൻ ചെന്നൈയിലെത്തിയത്. തുടര്‍ന്ന് നേരെ കോടമ്പാക്കത്തെ ഓഫീസിലെത്തുകയായിരുന്നുവെന്നാണ് വിവരം. ഇവിടെ രാവിലെ മുതൽ റെയ്ഡ് നടത്തുകയായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ ഗോകുലം ഗോപാലനിൽ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്. രാവിലെ കോഴിക്കോട് നിന്നും ഇഡി ഉദ്യോഗസ്ഥര്‍ ഗോകുലം ഗോപാലനിൽ നിന്ന് വിവരം തേടിയിരുന്നു. ചെന്നൈയിലെ ഓഫീസിൽ പരിശോധന തുടരുകയാണ്. ഇതിനിടെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. 



കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്‍റെ ഓഫീസിലും ഇഡി പരിശോധന നടന്നുവരുകയാണ്. 24 ന്യൂസ് ചാനലിന്‍റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്നതിനാൽ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. കോടമ്പാക്കത്ത് ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിന്‍റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാൽന്റെ ഓഫിസിലും ആണ്‌ രാവിലെ മുതൽ പരിശോധന നടക്കുന്നത്. പിഎംഎൽഎ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ്‌ പരിശോധന.

Post a Comment

Previous Post Next Post
Join Our Whats App Group