ദില്ലി: അമ്യൂസ്മെന്‍റ് പാർക്കിലെ റോളർ കോസ്റ്ററിൽ നിന്ന് വീണ് യുവതി മരിച്ചു. സൗത്ത് വെസ്റ്റ് ദില്ലിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫൺ ആൻഡ് ഫുഡ് വാട്ടർ പാർക്കിലാണ് സംഭവം. 24കാരിയായ പ്രിയങ്കയാണ് മരിച്ചത്. വിവാഹത്തിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് മരണം.
പ്രതിശ്രുത വരൻ നിഖിലിനൊപ്പമാണ് പ്രിയങ്ക അമ്യൂസ്മെന്‍റ് പാർക്കിലെത്തിയത്. റോളർ കോസ്റ്റർ റൈഡിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാൻഡ് പൊട്ടിയാണ് പ്രിയങ്ക താഴെ വീണത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ വർഷമായിരുന്നു പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹ നിശ്ചയം. അടുത്ത വർഷം വിവാഹം നടത്താനായിരുന്നു തീരുമാനം. സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹം കൊണ്ടാണ് പ്രിയങ്ക വിവാഹ ചടങ്ങ് വൈകിപ്പിച്ചതെന്ന് കുടുംബം പറഞ്ഞു. നോയിഡയിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയങ്ക. സ്വന്തം കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയ ശേഷം മതി വിവാഹമെന്ന് പ്രിയങ്ക തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഉൾപ്പെടെ പ്രിയങ്കയെ എല്ലാ കാര്യങ്ങളിലും നിഖിൽ പിന്തുണച്ചിരുന്നുവെന്ന് സഹോദരൻ മോഹിത് പറഞ്ഞു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം പ്രിയങ്കയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 289 (യന്ത്രങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യൽ), 106 (മനപൂർവ്വമല്ലാത്ത നരഹത്യ) എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം അമ്യൂസ്മെന്‍റ് പാർക്ക് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടം നടന്ന പാർക്കിന്‍റെ ഭാഗം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
Post a Comment