ന്യൂഡല്‍ഹി: വഖഫ് ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ മറ്റ് സമുദായങ്ങളെയും ലക്ഷ്യം വെയ്ക്കുമെന്ന തന്റെ കാഴ്ചപ്പാട് ശരിയാകുന്നെന്ന് രാഹുല്‍ഗാന്ധി. ഇനി ആര്‍എസ്എസ് ക്രിസ്ത്യാനികളെ ഉന്നം വെയ്്ക്കുന്ന കാലം വിദൂരമല്ലെന്നും ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഏക ആശ്രയം ഭരണഘടനയാണെന്നും രാഹുല്‍ ഗാന്ധി എക്‌സിലിട്ട പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രതികരണം. ക്രിസ്ത്യന്‍ സ്വത്ത് സംബന്ധിച്ച ലേഖനം രാഹുലിന്റെ പോസ്റ്റ് വന്നതിന് തൊട്ടുപിന്നാലെ ഓര്‍ഗനൈസര്‍ പിന്‍വലിച്ചു. വഖഫ് ബോര്‍ഡിനേക്കാള്‍ കൂടുതല്‍ ഭൂമി കത്തോലിക്ക സഭക്കാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ പള്ളികളുടെ കീഴില്‍ 17.29 കോടി ഏക്കര്‍ ഭൂമിയുണ്ട്. 20000 കോടി രൂപയുടെ ആസ്തി വരും. ബ്രിട്ടീഷ് ഭരണകാലത്ത് അധീനതയില്‍ വന്നതാണ് സ്വത്തില്‍ ഏറിയ പങ്കെന്നും പറയുന്നു.
1927 ല്‍ ചര്‍ച്ച ആക്ട് കൊണ്ടുവന്നതിലൂടെ സ്വത്തും വര്‍ധിപ്പിച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കി നിര്‍ബന്ധിത മത പരിവര്‍ത്തനവും നടത്തുന്നുവെന്ന് ലേഖനത്തില്‍ പറഞ്ഞിരുന്നു. വഖഫ് ബില്‍ ഇരു സഭകളിലും പാസായതിന് തൊട്ട് പിന്നാലെ ഓര്‍ഗനൈസറില്‍ വന്ന ലേഖനമാണ് വിവാദമാകുന്നത്. ഏപ്രില്‍ 3 നാണ് ഓര്‍ഗനൈസര്‍ ലേഖനം പ്രസിദ്ധീകരിച്ചത്.
Post a Comment