Join News @ Iritty Whats App Group

നടുക്കടലിൽ വേദനകൊണ്ട് പുളഞ്ഞ് പാക് മത്സ്യത്തൊഴിലാളി, ഒന്ന് വിളിച്ചപ്പോഴേക്കും ഓടിയെത്തി ഇന്ത്യൻ നാവിക സേന


ദില്ലി: ബോട്ട് അറ്റകുറ്റപ്പണിക്കിടെ ​ഗുരുതരമായി പരിക്കേറ്റ പാകിസ്ഥാൻ മത്സ്യത്തൊഴിലാളിക്ക് രക്ഷയായി ഇന്ത്യൻ നാവിക സേന. ഇന്ത്യൻ നാവികസേനയുടെ മിഷൻ ഡിപ്ലോയ്ഡ് സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് ത്രികാന്താണ് മധ്യ അറേബ്യൻ കടലിൽ വെച്ച് വൈദ്യസഹായം നൽകിയത്.

ഒമാൻ തീരത്തിന് ഏകദേശം 350 നോട്ടിക്കൽ മൈൽ കിഴക്കായി അൽ ഒമീദി എന്ന ഇറാനിയൻ പായ്ക്കപ്പലിൽ നിന്ന് ഇന്ത്യൻ നാവിക സേനയുടെ കപ്പലിന് അപകട സന്ദേശം ലഭിച്ചു. അന്വേഷണത്തിൽ, എഞ്ചിൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരന്റെ വിരലുകൾക്ക് പരിക്കേറ്റതായും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും അറിഞ്ഞു. 11 പാകിസ്ഥാൻ പൗരന്മാരും അഞ്ച് ഇറാനികളും അടങ്ങുന്ന എഫ്‌വി അബ്ദുൾ റഹ്മാൻ ഹൻസിയ എന്ന മറ്റൊരു പായ്ക്കപ്പലിലേക്ക് അദ്ദേഹത്തെ മാറ്റിയതായും കണ്ടെത്തി. ഇറാനിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. 

ഐഎൻഎസ് ത്രികാന്തിലെ മെഡിക്കൽ ഓഫീസറും, മാർക്കോസ് (മറൈൻ കമാൻഡോകൾ), കപ്പലിന്റെ ബോർഡിംഗ് ടീം എന്നിവരടങ്ങുന്ന സംഘവും വൈദ്യസഹായം നൽകുന്നതിനായി എഫ്‌വിയിൽ എത്തി. ലോക്കൽ അനസ്തേഷ്യ നൽകിയ ശേഷം, കപ്പലിലെ മെഡിക്കൽ സംഘം വിരലുകളിൽ ശസ്ത്രക്രിയ നടത്തി. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നും രക്തസ്രാവം നിയന്ത്രിക്കാൻ സാധിച്ചെന്നും അറിയിച്ചു. ഇറാനിൽ എത്തുന്നതുവരെ ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സാധനങ്ങൾ നൽകി. സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാൻ സമയബന്ധിതമായി സഹായിച്ചതിന് മുഴുവൻ ജീവനക്കാരും ഇന്ത്യൻ നാവികസേനയോട് നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group