'സിവിൽ തർക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനൽ കേസാക്കി മാറ്റുന്നു'; യുപി പൊലീസിനെ വിമർശിച്ച് സുപ്രീംകോടതി
ദില്ലി: സിവിൽ തർക്കങ്ങളെ ഗുരുതര വകുപ്പുള്ള ക്രിമിനൽ കേസുകളാക്കി മാറ്റുന്ന നടപടിയിൽ യുപി സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. യുപിയിൽ നിയമവാഴ്‌ച പരിപൂർണ്ണമായി തകർന്നുവെന്നും ഇതംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. സിവിൽ തർക്കം തീരാൻ വർഷങ്ങൾ എടുക്കുന്നതിനാലാണ് ക്രിമിനൽ കേസാക്കിയതെന്ന് യുപി സർക്കാർ പറഞ്ഞതോടെയാണ് ചീഫ് ജസ്റ്റിസ് വാക്കുകൾ കടുപ്പിച്ചത്. ഇത്തരം രീതികൾ ആവർത്തിച്ചാൽ പൊലീസിന് പിഴയിടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കടം വാങ്ങിയ പണം തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട കേസിൽ ക്രിമിനൽ ഭീഷണി, ക്രിമിനൽ ഗൂഢാലോചന എന്നീ ഗുരുതര വകുപ്പുകൾ ചേർത്ത് കേസ് എടുത്തതിനെ തുടർന്നാണ് സുപ്രീം കോടതി പരാമർശം നടത്തിയത്.
Post a Comment