വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് ആണ് പാര്‍ലമെന്റ് പാസാക്കിയ വഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് പാസാക്കിയ വഖഫ് ബില്‍ രാഷ്ട്രപതിയുടെ അനുമതി തേടുന്നതിനിടെയാണ് മുഹമ്മദ് ജാവേദ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വഖഫ് ബില്ലിലെ ഭേദഗതികള്‍ വിവേചനപരമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ബില്ല് മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ലോക്‌സഭയില്‍ കോണ്‍ഗ്രസ് വിപ്പ് ആണ് മുഹമ്മദ് ജാവേദ്. ഇതരസമുദായങ്ങളുടെ മതപരമായ സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ബില്ലിനെ ഭേദഗതികള്‍ വഖഫ് സ്ഥാപനങ്ങള്‍ക്കുമേല്‍ ഭരണകൂടത്തിന്റെ നിയന്ത്രണം ആനുപാതികമല്ലാതെ വര്‍ധിപ്പിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
ബില്ലിലെ ഭേദഗതികള്‍ ഭരണഘടനയുടെ 14, 25, 26, 29, 300 എന്നീ വകുപ്പുകളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വഖഫ് ബോര്‍ഡിലും കൗണ്‍സിലുകളിലും അമുസ്ലിങ്ങളെ ഉള്‍പ്പെടുത്താനുള്ള ഭേദഗതിയേയും ഹര്‍ജി ചോദ്യംചെയ്യുന്നു. നീക്കം മുസ്ലീം സമൂഹത്തിന്റെ മതപരമായ കാര്യങ്ങളില്‍ അനാവശ്യമായ ഇടപെടലിന് തുല്യമാണെന്നാണ് ഹര്‍ജിയിലെ പരാമര്‍ശം.
Post a Comment