ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലും വഖഫ് നിയമ ഭേദഗതി ബില്ലിന്റെ അവതരണം ലോക്‌സഭയില്‍ തുടങ്ങി. ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിക്കുന്നത്. എട്ടുമണിക്കൂര്‍ ചര്‍ച്ച പിന്നാലെ നടക്കും.
ചര്‍ച്ചയില്‍ മന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് കിരണ്‍ റിജിജു പറഞ്ഞത്. കേന്ദ്രം അധികാരത്തില്‍ കൈ കടത്തില്ലെന്നും സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാണ് വരുന്നതെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. മന്ത്രി സഭ അംഗീകരിച്ച പുതിയ ബില്ലാണ് അവതരിപ്പിക്കുന്നതെന്ന് ആഭ്യന്തമന്ത്രി അമിത്ഷാ പറഞ്ഞു.
ബില്‍ നിയമപരമാണെന്നും പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്‍ ജെപിസിക്ക് വിട്ടതെന്നും അമിത് ഷാ മറുപടി നല്‍കി. ജെപിസി നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. ബില്‍ അവതരണത്തില്‍ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. അതേസമയം രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും സഭയില്‍ ഇല്ല. ഇന്നലെ ഉച്ചയ്ക്കാണ് ബില്‍ അവതരിപ്പിക്കുന്ന വിവരം അറിയിച്ചതെന്നും നിയമം അടിച്ചേല്‍പ്പിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഭേദഗതിക്ക് സമയം നല്‍കിയിരുന്നു എന്നായിരുന്നു സ്പീക്കറുടെ മറുപടി.
നേരത്തെ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി യുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടര്‍ന്ന് എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദേശിച്ച 14 മാറ്റങ്ങള്‍ ജെപിസി അംഗീകരിച്ചിരുന്നു. ഇവരുടെ നിര്‍ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ബില്ലാണ് ഇന്ന് പാര്‍ലമെന്റിലേക്ക് എത്തുന്നത്. ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യാസഖ്യം നേതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നു.
എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും ടിഡിപിയും ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ബില്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറഞ്ഞിരുന്നത്. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാവല്‍ സിപിഎം എംപിമാരും പങ്കെടുക്കില്ല.
Post a Comment