Join News @ Iritty Whats App Group

പെട്രോളിനും ഡീസലിനും പിന്നാലെ വീട്ടാവശ്യത്തിനുള്ള എല്‍പിജിക്കും കൂട്ടി ; വില വര്‍ദ്ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍


പെട്രോള്‍-ഡീസല്‍ എന്നിവയുടെ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് എല്‍പിജി സിലിണ്ടറിനും വില ഉയര്‍ത്തി. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ സിലിണ്ടറിന് 500 രൂപയില്‍ നിന്ന് 550 രൂപയായി വില ഉയര്‍ന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി ഉയര്‍ന്നു.

ചൊവ്വാഴ്ച മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ വാതക വില ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് എല്‍പിജി സിലിണ്ടറിന് 50 രൂപ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. ഇറക്കുമതി ചെലവ് 14 ശതമാനം ഇക്കൊല്ലം കൂടിയെന്നാണ് സര്‍ക്കാരിന്റെ വാദം. എണ്ണ കമ്പനികള്‍ക്ക് ഇതു വഴി ഉണ്ടായ നഷ്ടം നികത്താനുള്ള ഒരു വഴിയെന്നാണ് 50 രൂപ കൂട്ടിയതിനെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.

ഉജ്ജ്വല സ്‌കീമിലുള്ള 10 കോടി കുടുംബങ്ങള്‍ക്ക് നിലവിലെ 500 രൂപയ്ക്കു പകരം ഇനി 550 രൂപ സിലിണ്ടറിന് നല്‍കണം. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. മാസത്തില്‍ രണ്ട് തവണ വീതം വില നിലവാരം പുനരവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ 2024 ഡിസംബറിനെക്കാള്‍ കുറവാണ് അന്താരാഷ്ട്ര വിപണയില്‍ നിലവിലെ വാതക വിലയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ അവരെ ശിക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പെട്രോള്‍ ഡീസല്‍ വില കുറച്ച സര്‍ക്കാര്‍ ഇപ്പോള്‍ നികുതി വര്‍ദ്ധിപ്പിച്ച് വളഞ്ഞ വഴിയിലൂടെ ആ ആനുകൂല്യം ഇല്ലാതാക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group