Join News @ Iritty Whats App Group

കാർഡിയോളജിസ്റ്റ് 'ജോൺ കെം', ശസ്ത്രക്രിയ നടത്തിയവരിൽ 7 പേർ മരിച്ചു, അന്വേഷണത്തിൽ പുറത്തായത് ഞെട്ടിക്കുന്ന വിവരം


ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ മിഷനറിമാർ നടത്തുന്ന ആശുപത്രിയിൽ വ്യാജ കാർഡിയോളജിസ്റ്റ് ശസ്ത്രക്രിയ നടത്തിയ ഏഴ് രോ​ഗികൾ മരിച്ചതായി റിപ്പോർട്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വ്യാജ ഡോക്ടർ 15 പേർക്ക് ശസ്ത്രക്രിയ നടത്തിയെന്നും ഇതിൽ ഏഴ് പേർ മരിച്ചുവെന്നുമാണ് റിപ്പോർട്ട്. ദാമോ സ്വദേശിയായ ദീപക് തിവാരി എന്നയാൾ പരാതിയുമായി രം​ഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 



ലണ്ടനിൽ നിന്നുള്ള കാർഡിയോളജിസ്റ്റായ ഡോ. എൻ. ജോൺ കെം എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ആശുപത്രിയിൽ ചാർജെടുത്തത്. പരാതി ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്ന് വെളിപ്പെട്ടു. 



ആശുപത്രി മരണങ്ങൾ ലോക്കൽ പോലീസിനെയോ ആശുപത്രി ഔട്ട്‌പോസ്റ്റിനെയോ അറിയിച്ചില്ലെന്നും പരാതിക്കാരനായ തിവാരി ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കനത്ത ഫീസ് ഈടാക്കിയെന്നും പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹങ്ങൾ കൈമാറിയെന്നും പരാതിയിൽ ഉന്നയിച്ചു. 



വിദേശ മെഡിക്കൽ ബിരുദങ്ങൾ ഉണ്ടെന്ന് അവകാശപ്പെട്ട് ലണ്ടനിലെ സെന്റ് ജോർജ്ജ് സർവകലാശാലയിലെ പ്രശസ്ത കാർഡിയോളജിസ്റ്റായ പ്രൊഫസർ (എമെറിറ്റസ്) ജോൺ കെമിന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്താണ് നരേന്ദ്ര വിക്രമാദിത്യ യാദവ് ആശുപത്രിയിൽ ജോയിൻ ചെയ്തത്. പിന്നീട് ഇയാൾ ആശുപത്രിയിലെ പ്രധാന കാർഡിയോളജിസ്റ്റായി. 



തന്റെ വ്യക്തിത്വം വ്യാജമായി ഉപയോഗിച്ചെന്ന് പ്രൊഫസർ കെം ഒരു വാർത്താ ഏജൻസിക്ക് ഇമെയിൽ വഴി സ്ഥിരീകരിച്ചു. ആശുപത്രിയിലെ മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതികൾക്കും ആശുപത്രി മാനേജ്‌മെന്റിനുമെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നും, ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. പരാതി ലഭിച്ചതായി ജില്ലാ കളക്ടർ സുധീർ കൊച്ചാർ സ്ഥിരീകരിച്ചു, അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group