Join News @ Iritty Whats App Group

ട്രംപിന്റെ കടുംവെട്ട്, ഇന്ത്യക്ക് 26 ശതമാനം പകരച്ചുങ്കം ചുമത്തി അമേരിക്ക, ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു


വാഷിങ്ടൺ: വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്. ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ തീരുമാനം. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ചുമത്തിയത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉല്പന്നങ്ങൾക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് കൂടുതൽ നികുതി ചുമത്തി. 



ഇന്ത്യൻ ഇറക്കുമതിക്ക് 26 ശതമാനം, ചൈനക്കെതിരെ 34 ശതമാനം, യൂറോപ്യൻ യൂണിയൻ 20 ശതമാനം, ജപ്പാൻ 24 ശതമാനം എന്നീ രാജ്യങ്ങൾക്കാണ് കൂടുതൽ നികുതി ചുമത്തിയത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. 



അമേരിക്കയിൽ നിർമാണ മേഖല പുനരുജ്ജീവിപ്പിക്കാനും, വ്യാപാര കമ്മി കുറക്കാനും തീരുവ നടപടികൾ അനിവാര്യമാണെന്നും അമേരിക്ക സുവർണ കാലത്തേക്ക് മടങ്ങുന്നുവെന്നും ഇത് ചരിത്ര മുഹൂർത്തമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ വിമോചന ദിനമെന്നാണ് ട്രംപ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. യുഎസ് എന്ന വ്യവസായിക ശക്തിയുടെ പുനർജന്മമാകും ഇനി കാണുകയെന്നും യുഎസ് ഒരിക്കൽ കൂടി സമ്പന്നമാകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തീരുവ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി വിപണികൾ ഇടിഞ്ഞു. ഡൗ ജോൺസ്‌ സൂചിക 256 പോയിന്‍റും നാസ്ഡാക് സൂചിക രണ്ടര ശതമാനവും ഇടിഞ്ഞു. 



ഇന്ത്യൻ പ്രധാനമന്ത്രി കുറച്ചു നാളുകൾക്ക് മുമ്പ് എന്ന സന്ദർശിച്ചു. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാൽ 52 ശതമാനം തീരുവയാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത്. അതുകൊണ്ട് ഇന്ത്യക്ക് മേൽ 26 ശതമാനം തീരുവ ചുമത്തുന്നുവെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടമൊബീൽ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group