Join News @ Iritty Whats App Group

ഏപ്രില്‍ 1 ന് പുലര്‍ച്ചെ 2.15 ന് പോലീസിനെ വിളിച്ചു വരുത്തി പ്രാങ്ക് ചെയ്തു ; തമാശക്കാരനെ വെളുപ്പിനെ വരുത്തി വൈകിട്ട് വരെ നിര്‍ത്തി കേസെടുത്തു ജാമ്യത്തില്‍ വിട്ടു


പെരുവ : ഏപ്രില്‍ ഫൂള്‍, പോലീസിനെ കബളിപ്പിച്ച റിട്ട. ഫയര്‍ഫോഴ്‌സ് ഉദ്യോഗത്തിനെതിരെ കേസെടുത്തു. കാരിക്കോട് ചെമ്മഞ്ചി നടുപ്പറമ്പില്‍ ഗംഗാധരന്‍ നായര്‍ (62) ക്കെതിരെയാണ് വെള്ളൂര്‍ പോലീസ് കേസെടുത്തത്. ഒന്നിനു വെളുപ്പിന് 2.15 ന് ഗംഗാധരന്‍ നായര്‍ വെള്ളൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് തന്റെ വീടിന് നേര്‍ക്ക് ആരോ കല്ലെറിയുകയാണ് എന്നറിയിയ്ക്കുകയായിരുന്നു.



താനും ഭാര്യയും മാത്രമാണ് ഇവിടെ താമസം എന്നും അതിനാല്‍ ഉടന്‍ എത്തണമെന്നും പറഞ്ഞാണ് ഗംഗാധരന്‍ നായര്‍ പോലീസിനെ വിളിച്ചത്. ഉടന്‍ തന്നെ എസ്. ഐ എബിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. വീടിന് സമീപം എത്തിയപ്പോള്‍ വീടിന്റെ കറക്റ്റ് ലൊക്കേഷന്‍ ചോദിച്ചു വീണ്ടും പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ഇന്ന് ഏപ്രില്‍ ഫൂള്‍ ആണ് നിങ്ങളെ ഞാന്‍ ഒന്ന് പറ്റിച്ചതാണ് എന്ന് പറയുകയായിരുന്നു. നിങ്ങള്‍ മാത്രമേ ഇത് വിശ്വസിക്കൂ എന്നും പോലീസിനോട് പറഞ്ഞു. രാത്രിയില്‍ അവിടെ നിന്ന് തിരികെപ്പോന്നപോലീസ് വെളുപ്പിന് ഗംഗാധരനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി വൈകിട്ട് വരെ നിര്‍ത്തി കേസെടുത്തു ജാമ്യത്തില്‍ വിട്ടു.



പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ സര്‍വീസുകളെ കബളിപ്പിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണ്. പോലീസ് ആക്ട് 118 ആ പ്രകാരം കേസെടുത്തു സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. 10000 രൂപ പിഴയും, 6 മാസം തടവുമാണ് ശിക്ഷയെന്ന് വെള്ളൂര്‍ എസ്.ഐ. ശിവദാസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group