Join News @ Iritty Whats App Group

അല്‍ ഐനിൽ വീട്ടില്‍ തീപിടിത്തം, കനത്ത പുകയിൽ ശ്വാസംമുട്ടി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം



അല്‍ ഐന്‍: യുഎഇയിലെ അല്‍ ഐനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ആറ് വയസ്സിനും 13 വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് എമിറാത്തി കുട്ടികളാണ് മരിച്ചത്.തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് കുട്ടികൾ മരിച്ചത്.



കുട്ടികളുടെ മുത്തശ്ശന്‍റെ വീട്ടിലാണ് തീപടര്‍ന്നത്. നാഹില്‍ ഏരിയയിലെ വെള്ളിയാഴ്ച രാവിലെ 9.30നാണ് ദാരുണ സംഭവം ഉണ്ടായത്. 13 വയസ്സുള്ള തായിബ് സഈദ് മുഹമ്മദ് അല്‍ കാബി, സാലിം ഗരീബ മുഹമ്മദ് അല്‍ കാബി (10), ഹാരിബ് (6) എന്നിവരാണ് മരണപ്പെട്ടത്. വീടിനോട് അനുബന്ധമായുള്ള മുറികളിലൊന്നിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായതെന്ന് കുട്ടികളുടെ ബന്ധു 'ഗൾഫ് ന്യൂസി'നോട് പറഞ്ഞു. കുട്ടികള്‍ ഇവിടെ ഉറങ്ങി കിടക്കുകയായിരുന്നു. വളരെ പെട്ടെന്ന് തീപിടിത്തത്തെ തുടര്‍ന്ന കനത്ത പുക ഉയരുകും കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയുമായിരുന്നു.



ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു. കുട്ടികളുടെ മുത്തശ്ശന്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തീപ്പൊള്ളലേറ്റു.ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. നിസ്സാര പൊള്ളലാണ് ഏറ്റത്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post