Join News @ Iritty Whats App Group

വയനാട് പുനരധിവാസം: 'വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കും'; ഊരാളുങ്കൽ ചീഫ് ഓപ്പറേറ്റിം​ഗ് ഓഫീസർ

വയനാട്: ഏപ്രിൽ മൂന്നിനുള്ള ഹൈക്കോടതി ഉത്തരവിന് ശേഷം ടൗൺഷിപ്പിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് ഊരാളുങ്കൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുൺ സാബു ഏഷ്യാനെറ്റ് ന്യൂസിനോട്. ആദ്യം നിർമ്മിക്കുക വീടുകളുടെ മാതൃക ആയിരിക്കും. ടൗൺഷിപ്പിൽ നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം ഡിസംബറോടെ പൂർത്തീകരിക്കും. മഴക്കാലത്ത് നിർമ്മാണം വൈകാതിരിക്കാൻ കൂടുതൽ തൊഴിലാളികളെ നിയോഗിക്കുമെന്നും അരുൺ സാബു പറഞ്ഞു. വീടുകളുടെ പ്ലാൻ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. വീടുകളുടെ ഗുണമേന്മയിൽ ഒട്ടും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും ആളുകൾക്ക് പരസ്പരം ഇടപഴകാനുള്ള രീതിയിൽ ടൗൺഷിപ്പ് നിർമ്മിക്കുമെന്നും അരുൺ സാബു ചൂണ്ടിക്കാട്ടി. 



ടൗൺഷിപ്പ് നിർമ്മാണത്തിൽ രാത്രിയിലുള്ള മഴ ആശങ്കയാണ്. മഴക്കാലത്ത് നിർമ്മാണം വൈകാതിരിക്കാൻ കൂടുതൽ തൊഴിലാളികളെ നിയോഗിക്കും. കമ്മ്യൂണിറ്റി കെട്ടിടങ്ങളുടെ നിർമ്മാണം മാർച്ച് അവസാനത്തോടെ പൂർത്തിയാകും. ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിയിൽ നിർമ്മിക്കാൻ കഴിയുന്നത് 410 വീടുകൾ ആണ്. പുന്നപ്പുഴയിലെ മാലിന്യ നീക്കം കമ്പനിക്ക് ലഭിച്ചതായി ഔദ്യോഗികമായ അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അരുൺ സാബു പറഞ്ഞു. 



അതേ സമയം, വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള തറക്കല്ലിടൽ നാളെ നടക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന തറക്കല്ലിടൽ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവും പ്രിയങ്ക ഗാന്ധി എംപിയും പങ്കെടുക്കും. ദുരന്തം ഉണ്ടായി എട്ടു മാസങ്ങൾക്ക് ശേഷം തറക്കല്ലിടൽ ചടങ്ങ് നടക്കുമ്പോൾ അതിനും എത്രയോ മുൻപ് ദുരന്തബാധിതർക്കുള്ള വീടുകളുടെ പണിപൂർത്തിയാക്കിയ സംഘടനകൾ ഉണ്ട്. പുൽപ്പള്ളിയിൽ ഫിലാകാലിയ ഫൗണ്ടേഷൻ നിർമ്മിച്ച വീടുകളിൽ ദുരന്തബാധിതർ താമസവും തുടങ്ങി കഴിഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group