Join News @ Iritty Whats App Group

'ജീവിക്കാൻ അർഹതയില്ല, തൂക്കിലേറ്റണം'; ഭർത്താവിനെ കൊന്ന് ഡ്രമ്മിൽ ഒളിപ്പിച്ച യുവതിയെ തള്ളിപ്പറഞ്ഞ് മാതാപിതാക്കൾ

മീററ്റ്: മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ മുസ്കാൻ റസ്തോഗിയെ തൂക്കിലേറ്റണമെന്ന് യുവതിയുടെ മാതാപിതാക്കൾ. മകൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും തൂക്കിലേറ്റണമെന്നും മുസ്കാന്‍റെ അച്ഛൻ പ്രമോദ് റസ്തോഗി പ്രതികരിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഭർത്താവ് സൗരഭ് രജ്പുത് തടഞ്ഞതിനാലാണ് കൊലപ്പെടുത്തിയതെന്ന് മകൾ കുറ്റസമ്മതം നടത്തിയെന്നും അച്ഛൻ പറഞ്ഞു. കാമുകൻ സാഹിൽ ശുക്ലയുടെ സഹായത്തോടെയാണ് മുസ്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയത്. 



മയക്കുമരുന്ന് ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് മുസ്കാൻ തന്നോട് പറഞ്ഞെന്നും പ്രമോദ് റസ്‌തോഗി വെളിപ്പെടുത്തി. സൌരഭ് രണ്ട് വർഷം മുൻപ് ലണ്ടനിൽ പോയതിന് ശേഷമാണ് മകൾ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയത്. സാഹിൽ ആണ് മുസ്കാനെ മയക്കുമരുന്നിന് അടിമയാക്കിയതെന്നും അച്ഛൻ പറഞ്ഞു. സ്കൂളിൽ പഠിക്കുമ്പോൾ മുസ്കാന്‍റെ സഹപാഠിയായിരുന്നു സാഹിൽ. പിന്നീട് സോഷ്യൽ മീഡിയ വഴി ഇരുവരും പരിചയം പുതുക്കുകയായിരുന്നു. സൗരഭ് തനിക്ക് മകനെപ്പോലെയാണെന്ന് പറഞ്ഞ പ്രമോദ് റസ്തോഗി, തന്‍റെ മകൾക്ക് ഇനി ജീവിക്കാൻ അർഹതയില്ലെന്നും പറഞ്ഞു. 



സൗരഭിനെ അദ്ദേഹത്തിന്റെ ബന്ധുക്കൾ കുത്തിക്കൊലപ്പെടുത്തി എന്നാണ് മുസ്‌കാൻ വീട്ടിലെത്തി പറഞ്ഞതെന്ന് അമ്മ കവിത റസ്തോഗി പറഞ്ഞു. ഇതോടെ ഇക്കാര്യം പൊലീസിൽ അറിയിക്കാൻ മുസ്കാന്‍റെ അച്ഛൻ തീരുമാനിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് പോകവേ വീണ്ടും ചോദിച്ചപ്പോൾ താനും സാഹിലും ചേർന്നാണ് സൌരഭിനെ കൊലപ്പെടുത്തിയതെന്ന് മുസ്കാൻ സമ്മതിച്ചെന്നും അച്ഛൻ പറഞ്ഞു. ഇക്കാര്യം മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. 



മുസ്കാന്‍റെയും അഞ്ചു വയസുള്ള മകളുടെയും ജന്മദിനം ആഘോഷിക്കാനാണ് സൌരഭ് കഴിഞ്ഞ മാസം അവസാനം നാട്ടിലെത്തിയത്. ഇതിനിടെ മുസ്കാനും സാഹിൽ ശുക്ല എന്ന യുവാവും തമ്മിലുള്ള ബന്ധം സൌരഭ് അറിഞ്ഞെന്നും ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പൊലീസ് പറയുന്നു. പിന്നാലെ മാർച്ച് നാലിനാണ് ഇരുവരും ചേർന്ന് സൌരഭിനെ കൊലപ്പെടുത്തുന്നത്. 



സൗരഭിന് താൻ ഭക്ഷണത്തിൽ മയക്കമരുന്ന് കലർത്തി നൽകി ബോധരഹിതനാക്കിയെന്ന് മുസ്കാൻ പറഞ്ഞു. പിന്നാലെ സാഹിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കത്തി കുത്തിയിറക്കി മരണം ഉറപ്പാക്കി. മൃതദേഹം 15 ഓളം കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ഡ്രമ്മിൽ നിറച്ചു. സിമന്‍റും പൊടിയും ചേർത്ത് ലായനി ഉണ്ടാക്കിയാണ് ശരീര ഭാഗങ്ങൾ ഈ ഡ്രമ്മിൽ ഒളിപ്പിച്ചത്. ശരീരഭാഗങ്ങൾ ഡ്രമ്മിൽ നിറച്ച ശേഷം ഇഷ്ടികകൾ കൊണ്ട് മൂടി ഫ്ലാറ്റിന് സമീപം ഉപേക്ഷിച്ചു.



തുടർന്ന് താനും ഭർത്താവും ഹിമാചലിലേക്ക് യാത്ര പോകുന്നുവെന്ന് അയൽക്കാരോട് പറഞ്ഞ ശേഷം മുസ്കാൻ ഫ്ലാറ്റ് പൂട്ടി. മകളെ അമ്മയുടെ പക്കൽ ഏൽപിച്ചു. മാത്രമല്ല സൌരഭിന്‍റെ ഫോൺ ഉപയോഗിച്ച് യാത്രയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. എന്നാൽ സൌരഭിന്‍റെ കുടുംബം പല തവണ ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതോടെയാണ് സംശയം തോന്നിയ കുടുംബം പൊലീസിൽ പരാതി നൽകിയത്. കൂടാതെ ഉപേക്ഷിച്ച ഡ്രമ്മിൽ നിന്ന് രൂക്ഷമായ ഗന്ധം പുറത്ത് വന്നതും കൊലപാതകത്തിന്‍റെ ചുരുളഴിച്ചു. 2016ൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് പ്രണയ വിവാഹം കഴിച്ചതാണ് മുസ്കാനും സൌരഭും.

Post a Comment

Previous Post Next Post