Join News @ Iritty Whats App Group

സൂരജ് വധക്കേസ്; ‘ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികളാണെന്ന് ഞങ്ങൾ കാണുന്നില്ല, അപ്പീൽ പോകും’; എംവി ജയരാജൻ

മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കായി അപ്പീൽ പോകുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികൾ ആണെന്ന് തങ്ങൾ കാണുന്നില്ലെന്നും ഇപ്പോൾ ശിക്ഷിക്കപ്പെട്ടവരെ രക്ഷിക്കാനായി ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നും എം വി ജയരാജൻ പറഞ്ഞു.



പ്രതികളുടെ നിരപരാധിത്വം കോടതിക്ക് മുന്നിൽ തെളിയിക്കാനായി പരിശ്രമിക്കുമെന്നും പാർട്ടിയുടെ ഏരിയ സെക്രട്ടറിയെ അടക്കം കേസിൽ പ്രതിയാക്കി കളഞ്ഞുവെന്നും എം വി ജയരാജൻ പറഞ്ഞു. ഇപ്പോൾ പ്രതികളായവർ ആളുകളെ കൊന്നെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. പ്രതികളിൽ ഒരാളെ നേരത്തെ തന്നെ കോടതി കുറ്റവിമുക്തമാക്കിയതാണെന്നും എം വി ജയരാജൻ പറഞ്ഞു.



9 പേരിൽ ഒരാളെ ജീവപര്യന്തത്തിന് അല്ല ശിക്ഷിച്ചതെന്നും ജയരാജൻ കൂട്ടിച്ചേർത്തു. സൂരജ് വധക്കേസിൽ 8 സിപിഎം പ്രവർത്തകർക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഏഴ് മുതൽ ഒൻപത് വരെയുള്ളവർക്കും 2 മുതൽ 6 വരെ ഉള്ളവർക്കുമാണ് ജീവപര്യന്തം തടവ് വിധിച്ചത്. പതിനൊന്നാം പ്രതി പ്രദീപിന് 3 വർഷം തടവ് ശിക്ഷയും വിധിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.



ടി.കെ രജീഷ്, പി. എം മനോരാജ്, പ്രഭാകരൻ, കെ.വി പദ്മനാഭൻ, കെ. ഷംജിത്ത്, സജീവൻ, എം രാധാകൃഷ്ണൻ, എൻ വി യോഗേഷ് എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പി കെ ഷംസുദീൻ വിചാരണക്ക് മുൻപ് മരിച്ചിരുന്നു. സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ടിപി കേസ് കുറ്റവാളി ടികെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്‍റെ സഹോദരൻ മനോരാജ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, പദ്മനാഭൻ എന്നിവരുൾപ്പെടെ ഒൻപത് പേരായിരുന്നു കുറ്റക്കാർ. ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.



2005 ഓഗസ്റ്റ് ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. പ്രതികൾ നിരപരാധികളാണെന്നും അപ്പീൽ പോകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു.



ഇതിന് ശേഷം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സൂരജ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടി.കെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ.

Post a Comment

Previous Post Next Post