കണ്ണൂര്‍: കണ്ണൂരില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി. മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു. പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്.
മയക്കുമരുന്ന് മാഫിയ നാട്ടില്‍ പിടിമുറുക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫാരിഷ ലഹരി സംഘങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കുക എന്നതായിരുന്നു ആദ്യ പടി.
മാടായി മാട്ടൂല്‍ പഞ്ചായത്തുകളിലെ യുവജനങ്ങളെ സംഘടിപ്പിച്ച് 'ധീര' എന്ന പേരില്‍ ഒരു വാട്സ്‌ആപ്പ് കൂട്ടായ്മ ഉണ്ടാക്കി. ഇതില്‍ അംഗങ്ങളായി 800ലധികം പേരുണ്ട് . ലഹരി വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും തേടി ആ സംഘം രാപ്പകല്‍ ഉണർന്നിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ ധീരയും പൊലീസും ചേർന്നു നടത്തിയ സംയുക്ത നീക്കത്തില്‍ പിടിയിലായത് 15ലധികം ആളുകളാണ്. ലഹരി സംഘങ്ങള്‍ തമ്പടിക്കുന്ന പഴകിയ കെട്ടിടങ്ങള്‍ പലതും ധീരയുടെ പ്രവർത്തകർ ഇടിച്ചു നിരത്തി.
ഇതാണ് ലഹരി മാഫിയയെ പ്രകോപിപ്പിച്ചത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചർക്കെതിരെ ലഹരി സംഘം ആദ്യം സൈബർ ആക്രമണം അഴിച്ചു വിട്ടു.
പിന്നാലെ ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ഭീഷണിയും മുഴക്കി "നിങ്ങടെ വീട്ടിലുള്ളവർക്ക് പണി തരാം, നിങ്ങളെ മക്കള്‍ക്ക് കാണിച്ചു തരാം" എന്നൊക്കെയാണ് ഫോണിലൂടെയുള്ള ഭീഷണി.
പ്രസിഡണ്ടിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണികളെല്ലാം അവഗണിച്ച് ലഹരിക്കെതിരായ പോരാട്ടം തുടരാൻ തന്നെയാണ് ഫാരിഷയുടെ തീരുമാനം
Post a Comment