കോഴിക്കോട്: രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച് മയക്കുമരുന്നു കടത്തുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുമ്പോഴും ഫലപ്രദമായി നടപടി സ്വീകരിക്കാന്‍ കഴിയാതെ എക്സൈസ്. എക്സൈസ് സേനയിലെ വനിതാ ഓഫീസര്‍മാരുടെ കുറവു മുതലെടുത്ത് രംഗത്തിറങ്ങുന്ന സ്ത്രീകള്‍ മയക്കുമരുന്നു കടത്തുന്നത് അടിവസ്ത്രത്തിനുള്ളില്വരെ ഒളിപ്പിച്ചാണ്.
രാത്രി സമയങ്ങളില്‍ വനിതാ എക്സൈസ് ഓഫീസര്‍മാര്‍ ഡ്യൂട്ടിയിലുണ്ടാകാത്തതിനാല് ഇത്തരം സമയങ്ങളിലാണ് സ്ത്രീകളെ ഉപയോഗിച്ചുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ഏറെയും നടക്കുന്നത്. സംശയം തോന്നുന്ന സ്ത്രീകളുടെ ദേഹപരിശോധന നടത്തണമെങ്കില്‍ വനിതാ ഓഫീസര്‍മാര്‍ വേണം. രാത്രികാല പരിശോധനയ്ക്ക് വനിതാ ജീവനക്കാരില്ലാത്തതിനാല്‍ സ്ത്രീ കള്ളക്കടത്തുകാര്‍ക്ക് പൂട്ടിടാന്‍ കഴിയാതെ വിയര്‍ക്കുകയാണ് എക്സൈസ് സേന.
കേരളത്തിലേക്ക് എംഡിഎംഎ എത്തുന്നതിന്റെ പ്രധാന ഉറവിടങ്ങളിലൊന്ന് ബംഗളൂരു ആണ്. ഇവിടെനിന്ന് അസംഖ്യം സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളാണ് കേരളത്തിലേക്ക് രാത്രികാല സര്‍വീസ് നടത്തുന്നത്. കേരളാതിര്‍ത്തിയിലെ എക്സൈസ് ചെക്ക്പോസ്റ്റുകളിലൊന്നും രാത്രികാലങ്ങളില്‍ വനിതാ എക്സൈസ് ജീവനക്കാര്‍ ഉണ്ടാകാറില്ല. തന്മൂലം പുരുഷ യാത്രക്കാരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയുന്നത്.
പോലീസ് സേനയിലേപോലെതന്നെ എക്സൈസ് സേനാംഗങ്ങളായ സ്ത്രീകളും രാത്രിയിലും ഡ്യൂട്ടിചെയ്യണമെന്നാണ് വ്യവസ്ഥയെങ്കിലും പല ജില്ലകളിലും വനിതാ ഓഫീസര്‍മാര്‍ സന്ധ്യയോടെ ജോലി മതിയാക്കി വീടുകളിലേക്കു തിരിക്കും. രാത്രികാല പരിശോധനയ്ക്ക് വനിതാ ജീവനക്കാരുടെ പങ്കാളിത്തമില്ലെന്നു മനസിലാക്കി സ്ത്രീകളെ മറയാക്കി രാത്രിയില്‍ മയക്കുമരുന്ന് കള്ളക്കടത്ത് വര്‍ധിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലും മാനന്തവാടി -തോല്‍പ്പെട്ടി-കുട്ട അന്തര്‍സംസ്ഥാന പാതയിലെ എക്സൈസ് ചെക്ക്പോസ്റ്റിലും രാത്രികാല പരിശോധനയ്ക്ക് വനിതാ ഓഫീസര്‍മാരില്ല. ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രധാനമായും എംഡിഎംഎയുടെ നിര്‍മാണവും വിതരണവും നടത്തുന്നുതെന്നു എക്സൈസ് ഇന്റലിജന്റസ് കണ്ടെത്തിയിട്ടുണ്ട്. അവിടെനിന്നു രാത്രികാലങ്ങളില്‍ കേരളത്തിലേക്കു വരുന്ന സ്ത്രീകളെ പരിശോധിക്കാന്‍ കഴിയാത്തത് കേരളത്തില്‍ ലഹരിവ്യാപനത്തിനു കാരണമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Post a Comment