Join News @ Iritty Whats App Group

ആശുപത്രിയിലെ ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പാണത്തൂര്‍ സ്വദശി ചൈതന്യയാണ് മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ഡന്‍റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യാ ശ്രമമെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. 



വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന് പിന്നാലെ കാഞ്ഞങ്ങാട്ടെ മൻസൂര്‍ ആശുപത്രിക്ക് മുന്നിൽ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. വാര്‍ഡനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നത്. മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥിനിയായ ചൈതന്യയെ വാര്‍ഡൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം.



പെൺകുട്ടി വയ്യാതെയിരിക്കുമ്പോള്‍ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ലെന്നും വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നുവെന്നും ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈതന്യയെ ആദ്യം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആത്മഹത്യയ്ക്കുശേഷം കോമയിലായ പെണ്‍കുട്ടിയെ പിന്നീട്കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.



(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post