Join News @ Iritty Whats App Group

വെടിയേറ്റ് മരണം; ഞെട്ടല്‍ മാറാതെ കൈതപ്രം

യ്യന്നൂർ: ഗുഡ്സ് ഓട്ടോ ഡ്രൈവറും ബി.ജെ.പി പ്രാദേശിക നേതാവുമായ കെ.കെ. രാധാകൃഷ്ണനെ വെടിവെച്ചു കൊന്നതില്‍ ആഘാതം മാറാതെ കൈതപ്രം ഗ്രാമം.



കൊലക്ക് വേദിയായത് സ്വന്തം നാട്ടിലാണെന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുകയാണ് ഗ്രാമവാസികള്‍. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കൈതപ്രത്ത് വ്യാഴാഴ്ച രാത്രി ഏഴോടെയാണ് ഗുഡ്സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണനെ നിർമാണത്തിലിരിക്കുന്ന വീട്ടില്‍ വെടിവെച്ച്‌ കൊലചെയ്യപ്പെട്ടത്. പെരുമ്ബടവ് അടുക്കത്തെ എൻ.കെ. സന്തോഷാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ പരിയാരം പൊലീസ് സംഭവ ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു.



കൊലക്കു പിന്നില്‍ രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള ബന്ധം

കൊലക്കു കാരണമായത് രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതിക്കുള്ള വഴിവിട്ട ബന്ധമാണെന്ന് പൊലീസ്. എഫ്.ഐ.ആറില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. വീടുപണിയില്‍ പങ്കാളിയായ പ്രതിക്ക് രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദമുണ്ട്. ഇത് തുടരാൻ സാധിക്കാത്ത വിരോധമാണ് കൊലക്കു കാരണമെന്ന് എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



ഷൂട്ടേഴ്സ് സംഘത്തില്‍ അംഗം

കാട്ടുപന്നികളെ വെടിവെക്കാനുള്ള പഞ്ചായത്തിന്റെ ഷൂട്ടേഴ്സ് സംഘത്തില്‍ അംഗമാണ് പ്രതി സന്തോഷ്. തോക്ക് ഉപയോഗിക്കാനറിയാവുന്നവരെയും തോക്ക് ലൈസൻസുള്ളവരെയുമാണ് ഈ സംഘത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. മലയോരത്തെ നായാട്ടുസംഘത്തില്‍ പ്രതി ഉണ്ടാവാറുണ്ടെന്നും നാട്ടില്‍ സംസാരമുണ്ട്.



വീടു കാണാനെത്തി മരണത്തിലേക്ക്

വ്യാഴാഴ്ച രാത്രി ഏഴോടെയാണ് കൈതപ്രത്ത് പുതുതായി നിർമിക്കുന്ന വീടിന്റെ പ്രവർത്തന പുരോഗതി വിലയിരുത്താൻ രാധാകൃഷ്ണൻ എത്തിയത്. ഇദ്ദേഹം അങ്ങോട്ട് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വീടിന് സമീപം എത്തിയ ഉടനെയാണ് വെടിയുടെ ശബ്ദം കേട്ടതെന്ന് സമീപവാസികള്‍ പറയുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാധാകൃഷ്ണനെയാണ്. ഉടൻ പൊലീസെത്തി കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.



നേരത്തെയെത്തി മദ്യപിച്ചു

കൃത്യം നിർവഹിക്കുന്നതിന് ഏറെ മുമ്ബുതന്നെ പ്രതി സ്ഥലത്തെത്തിയതായി പൊലീസ് കരുതുന്നു. ഇവിടെവെച്ച്‌ മദ്യപിച്ചതായും പറയുന്നു. പകുതിയൊഴിഞ്ഞ മദ്യക്കുപ്പി ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദ്കുമാര്‍, പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി. വിനീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.



ആയിരങ്ങളുടെ അന്ത്യോപചാരം

കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് കൈതപ്രത്തെത്തിച്ചത്. കൈതപ്രം പൊതുജന വായനശാലയില്‍ പൊതുദർശനത്തിനു വെച്ച മൃതദേഹത്തില്‍ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്. തുടർന്ന് പുനിയങ്കോട്ടെ വീട്ടിലെത്തിച്ച ശേഷം നാലോടെ തൃക്കുറ്റിയേരി സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു.



തോക്ക് കണ്ടെടുത്തു

കെ.കെ. രാധാകൃഷ്ണനെ വെടിവെച്ചു കൊല്ലാൻ ഉപയോഗിച്ച നാടൻ തോക്ക് പൊലീസ് കണ്ടെടുത്തു. പ്രതിയായ സന്തോഷിനെ സ്ഥലത്തെത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് വൈകീട്ട് അഞ്ചരയോടെ മരിച്ച രാധാകൃഷ്ണൻ താമസിക്കുന്ന വാടക വീടിന്റെ പിറകില്‍ ഒളിപ്പിച്ച നിലയില്‍ തോക്കും ഒരു തിരയും കണ്ടെത്തിയത്. രാധാകൃഷ്ണന്റെ സംസ്കാരം കഴിഞ്ഞ് ആള്‍ക്കൂട്ടം ഒഴിഞ്ഞ ശേഷമാണ് പൊലീസ് സന്തോഷിനെ സ്ഥലത്ത് കൊണ്ടുവന്നത്. കൃത്യം നടത്തിയ ശേഷം പ്രതി രാധാകൃഷ്ണന്റെ വീട്ടില്‍ എത്തിയാണ് തോക്ക് ഒളിച്ചുവെച്ചത്. രാവിലെ മുതല്‍തന്നെ പൊലീസ് പ്രദേശത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും തോക്ക് ലഭിച്ചിരുന്നില്ല.



പൊലീസ് ജാഗ്രത അഭ്യൂഹങ്ങള്‍ക്ക് തടയിട്ടു

കൊലയെ തുടർന്ന് അഭ്യൂഹങ്ങള്‍ പടരാതിരിക്കാനും അതുവഴി കൊല രാഷ്ട്രീയ സംഘർഷത്തിലേക്ക് പടരാതിരിക്കാനും പൊലീസിന്റെ സന്ദർഭോചിത ഇടപെടലും ജാഗ്രതയും സഹായകമായി. സംഭവസമയം അവധിയിലായിരുന്ന എസ്.ഐ രാജേഷ് ഉടൻ സ്ഥലത്തെത്തി പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയില്‍ എത്തിക്കാൻ സഹായിച്ച ശേഷം പരിസരത്ത് നടത്തിയ തിരച്ചിലില്‍ പ്രതിയെ പിടികൂടുകയായിരുന്നു.



കൊലക്കു കാരണം വ്യക്തിവിരോധമാണെന്ന് തെളിവുകള്‍ നിരത്തി വ്യക്തമാക്കാനും സാധിച്ചു. കൊലപാതകത്തിനു ശേഷം പ്രതി സന്തോഷ് കൃത്യത്തിന് ഉപയോഗിച്ച നാടൻ തോക്ക് സുരക്ഷിതമായി ഒളിപ്പിച്ച ശേഷം കൃത്യം നടത്തിയ വീട്ടില്‍ തിരിച്ചെത്തി തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയതായി സംശയിക്കുന്നു. വീട്ടിനുള്ളില്‍ കത്തിയുമായി കണ്ട സന്തോഷിനെ ചോദ്യം ചെയ്ത ശേഷം പ്രതിയാണെന്ന് തിരിച്ചറിഞ്ഞ് മല്‍പിടിത്തത്തിലൂടെ കീഴടക്കി പരിയാരം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

Post a Comment

Previous Post Next Post