സമരം കടുപ്പിക്കാൻ ആശമാർ. സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കാനാണ് ആശമാരുടെ തീരുമാനം. സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നാണ് സമരസമിതി നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും സമരസമിതി കുറ്റപ്പെടുത്തി.
സർക്കാർ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാർ കടന്നുപോകുന്നതെന്നും സമരസമിതി പറഞ്ഞു. സർക്കാർ മാന്യമായ സെറ്റിൽമെന്റ് ഉണ്ടാക്കി സമരം തീർക്കാൻ നടപടിയെടുക്കണം. അതിനിടെ വേതനം വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന സമരം 47 ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശമാരുടെ നിരാഹാര സമരം 8 ആം ദിവസത്തിലേക്കും കടന്നു.
സമരത്തോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുമ്പോൾ യുഡിഎഫ് ഭരണത്തിലുള്ള പത്തിലേറെ തദ്ദേശസ്ഥാപനങ്ങൾ ആശമാർക്ക് അധികവേതനം നൽകാൻ തനത് ഫണ്ടിൽ നിന്ന് തുക മാറ്റി വെച്ചിട്ടുണ്ട്. എന്നാൽ സർക്കാർ അനുമതി നൽകിയാൽ മാത്രമാണ് പദ്ധതി നടപ്പാക്കാൻ ആകുക. ബജറ്റ് ചർച്ചക്ക് ശേഷം തദ്ദേശസ്ഥാപനങ്ങൾ അനുമതി തേടി സർക്കാരിനെ സമീപിക്കും. സർക്കാർ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കാനും ആകില്ല.
Post a Comment