Join News @ Iritty Whats App Group

ബിജെപി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വീഡിയോ ; പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്കെതിരേ ബിജെപി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ പത്തു ദിവസം മുമ്പത്തേതാണെന്നും എംപിമാര്‍ക്ക് ഒരു വിശദീകരണവും നല്‍കാന്‍ ഓംബിര്‍ളയ്ക്ക് കഴിഞ്ഞില്ലെന്നും ആരോപിച്ച് കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിയെ സ്പീക്കര്‍ ശകാരിച്ച സംഭവത്തിലും രാഹുലിന്റെയും പ്രിയങ്കയുടേയും വീഡിയോ പുറത്തുവിട്ടതിലും കോണ്‍ഗ്രസ് അമര്‍ഷം രേഖപ്പെടുത്തി.



കെ സി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ 70 കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ചു. രാഹുല്‍ പ്രിയങ്കയോട് വാത്സല്യം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് ബിജെപി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ രാഹുലിനെ ഓംബിര്‍ള ശകാരിച്ചതിന് കാരണം ഈ ദൃശ്യമാണോയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ എംപിമാര്‍ക്ക് വിശദീകരണം നല്‍കാന്‍ ഓം ബിര്‍ലക്ക് കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസിലെ രണ്ട് എംപിമാര്‍ മാത്രം വന്നാല്‍ കാര്യം വിശദീകരിക്കാം എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുലിനെ വ്യക്തിപരമായി കടന്നാക്രമിക്കാനാണ് ലോക്‌സഭാ സ്പീക്കര്‍ തുനിഞ്ഞതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തനിക്ക് സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കിയില്ലെന്ന ആരോപണം രാഹുല്‍ഗാന്ധിയൂം നടത്തിയിട്ടുണ്ട്.



രാഹുല്‍ സഭയില്‍ മര്യാദ കാട്ടണമെന്നും സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും ലോക്‌സഭയില്‍ നേരത്തെയും ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഒന്നിച്ച് വന്നിട്ടുണ്ടെന്നും ഓം ബിര്‍ല ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശൂന്യവേളക്ക് പിന്നാലെയാണ് ഓംബിര്‍ല രാഹുലിനെ വിമര്‍ശിച്ചത്. അംഗങ്ങള്‍ സഭയില്‍ മര്യാദ ലംഘിക്കുന്നത് തന്റെ ശ്രദ്ധയില്‍ പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് സഭാ മര്യാദ കാട്ടണമെന്നും അച്ഛനും അമ്മയും സഹോദരങ്ങളും ഇവിടെ നേരത്തെയും ഒന്നിച്ച് അംഗങ്ങളായിട്ടുണ്ടെന്നും പറഞ്ഞു. ഒപ്പമുള്ള പ്രതിപക്ഷ അംഗങ്ങളെയും രാഹുല്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. സഭയില്‍ ഇല്ലാതിരുന്ന രാഹുല്‍ വന്നതിന് പിന്നാലെയായിരുന്നു ശകാരം.



പ്രകോപന കാരണം വ്യക്തമാക്കാതെ ഇത്രയും പറഞ്ഞ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. രാഹുല്‍ സംസാരിക്കാനെഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. കാരണം പിടികിട്ടുന്നില്ലെന്നും ഒരാഴ്ചയിലേറെയായി തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Post a Comment

Previous Post Next Post