Join News @ Iritty Whats App Group

'എല്ലാം സഹിച്ചു ജീവിക്കുക എന്ന് പെണ്‍കുട്ടികളെ ഉപദേശിക്കുന്ന അമ്മമാരാണ് ഇന്നും സമൂഹത്തില്‍, മാറ്റം വേണം'


തിരുവനന്തപുരം: പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമവും ചൂഷണവും തടയുന്ന പോഷ് നിയമം 2013 പ്രകാരമുള്ള ഇന്റേണല്‍ കമ്മിറ്റികള്‍ നിര്‍ബന്ധമായും രൂപീകരിക്കേണ്ടതുണ്ടെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചില്ലെങ്കില്‍ തൊഴിലുടമയ്‌ക്കെതിരെ നിയമനടപടി ഉണ്ടാവും. 50,000 രൂപവരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. ഹോട്ടല്‍ മേഖലയിലെ തൊഴിലാളികള്‍ക്കായി കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച പോഷ് 2013 പ്രത്യേക ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. പി സതീദേവി.



സ്ഥാപനത്തിലെ ആകെ തൊഴിലാളികള്‍ പത്തില്‍ കുറവാണെങ്കില്‍ സ്ത്രീ ജീവനക്കാര്‍ക്ക് കളക്ടര്‍ അധ്യക്ഷനാകുന്ന ലോക്കല്‍തല കംപ്ലയിന്‍റ് ലോക്കല്‍ കമ്മിറ്റികളില്‍ പരാതി പറയാന്‍ അവസരമുണ്ട്. അതേസമയം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാത്ത പല സ്ഥാപനങ്ങളും ഇപ്പോഴുമുണ്ട്. ഇവിടങ്ങളില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ പരാതികള്‍ പറയാനുള്ള സാഹചര്യമില്ലാത്ത അവസ്ഥയാണ് സംജാതമാകുന്നത്. നിയമം പാലിക്കപ്പെടുന്നുണ്ടോയെന്നും പരിശോധിക്കപ്പെടണം. എല്ലാ സ്ഥാപനങ്ങളിലും ഐസികള്‍ രൂപീകരിച്ചശേഷം അത് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസഥാന വനിതാ ശിശുവികസന വകുപ്പ് അടുത്തിടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 



സ്ത്രീ സുരക്ഷയ്ക്കായി രാജ്യത്ത് നിരവധി നിയമങ്ങളുണ്ടെങ്കിലും അവ പൂര്‍ണതോതില്‍ നടപ്പാക്കപ്പെടുന്നില്ല. നിയമങ്ങള്‍ സംബന്ധിച്ച ബോധവത്കരണം കൂടുതലായി ഉണ്ടാവണം. സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്‍മാര്‍ക്കിടയിലും ബോധവത്കരണം ശക്തമാക്കേണ്ടതുണ്ട്. ഭാര്യയെ തല്ലാന്‍ അവകാശമില്ലെന്നും കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ടെന്നുമുള്ള ബോധം പുരുഷന്‍മാര്‍ക്കിടയിലും ഉണ്ടാവേണ്ടതുണ്ട്. പുരുഷന്‍മാരെക്കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള സ്ത്രീപക്ഷ കാഴ്ചപ്പാടാണ് സമൂഹത്തില്‍ ഉണ്ടാവേണ്ടതെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഓര്‍മ്മിപ്പിച്ചു. 



കുടുംബ ബന്ധങ്ങള്‍ ജനാധിപത്യപരമാകേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമ്പോഴും ജനാധിപത്യ സമീപനം വീട്ടുകാരില്‍ ഉണ്ടാകുന്നില്ല. എല്ലാം സഹിച്ചു ജീവിക്കുക എന്ന് പെണ്‍കുട്ടികളെ ഉപദേശിക്കുന്ന അമ്മമാരാണ് ഇന്നും സമൂഹത്തില്‍ കൂടുതലായുള്ളത്. കുടുംബത്തിന്റെ അന്തസ് പോകും, നാട്ടുകാര്‍ എന്തുപറയും തുടങ്ങിയ കാരണങ്ങളാലാണ് സഹിക്കാന്‍ പറയുന്നത്. ഈ സാമൂഹിക സാഹചര്യത്തില്‍ മാറ്റം വരണം. അതിന് നിയമത്തെക്കുറിച്ച് കൃത്യമായ ധാരണ എല്ലാര്‍ക്കും ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും അഡ്വ. പി. സതീദേവി പറഞ്ഞു. 



തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന പ്രത്യേക ബോധവത്കരണ പരിപാടിയില്‍ കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അധ്യക്ഷയായിരുന്നു. വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി വൈ.ബി. ബീന, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ ലയ്‌സണ്‍ ഓഫീസര്‍ അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പോഷ് ആക്ട് 2013 നെക്കുറിച്ചുള്ള ക്ലാസിന് തിരുവനന്തപുരം ബാട്ടണ്‍ഹില്‍ ഗവ. ലോ കോളജിലെ അസി. പ്രൊഫസര്‍ എ.കെ. വീണ നേതൃത്വം നല്‍കി. വനിതാ കമ്മീഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍. ജയശ്രീ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി സന്തോഷ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group