സംസ്ഥാനത്തെ വേനല്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗ സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകള്‍ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂര്‍വ ശുചീകരണം, ആരോഗ്യ ജാഗ്രത- പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വേനല്‍മഴ ലഭിക്കുന്നതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വൈകിട്ടത്തെ ചൂടില്‍ കുറവ് അനുഭവപ്പെടുമെങ്കിലും ജാഗ്രതയില്‍ കുറവുണ്ടാകാന്‍ പാടില്ല. ഇതിനായി ഉഷ്ണതരംഗത്തെ മറികടക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങളും ജാഗ്രതാ സന്ദേശങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ നടപ്പിലാക്കണം. പൊതുസ്ഥലങ്ങളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തും. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും. തണ്ണീര്‍ പന്തലുകള്‍ വ്യാപകമാക്കണം.
ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികള്‍, ഹോട്ടലുകളുടെ മുന്നില്‍ സെക്യൂരിറ്റിയായി നില്‍ക്കുന്നവര്‍ എന്നിവര്‍ക്കും വിശ്രമകേന്ദ്രങ്ങളും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്തണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പുതുക്കിയ സമയക്രമ ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കേണ്ടതുമാണ്. ടൂറിസ്റ്റുകള്‍ക്കിടയില്‍ ഉഷ്ണതരംഗ ജാഗ്രതാനിര്‍ദേശങ്ങള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
Post a Comment